പരാതിയില്‍ കേസില്ല; നീതി തേടി ഡല്‍ഹിയില്‍ പാറ്റകള്‍ വീണ്ടും തെരുവില്‍; ചന്ദ്രശേഖര്‍ ആസാദും സമരമുഖത്ത്

ദളിത് വിഭാഗത്തില്‍പ്പെട്ട സഞ്ജയ് എന്ന വ്യക്തിയുടെ തലയ്ക്ക് പരിക്കേല്‍ക്കുന്ന നിലയിലായിരുന്നു ആക്രമണം

ന്യൂഡല്‍ഹി: വീണ്ടും തെരുവിലിറങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. ഡല്‍ഹി ജന്തര്‍ മന്തറിലാണ് സിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് നയിച്ച സിജെപി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരിലൊരാളുടെ പിതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയിൽ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് സിജെപി വീണ്ടും തെരുവിലിറങ്ങിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട സഞ്ജയ് എന്ന വ്യക്തിയുടെ തലയ്ക്ക് പരിക്കേല്‍ക്കുന്ന നിലയിലായിരുന്നു ആക്രമണം.

പരാതിക്കാരും സിജെപി നേതാക്കളും പ്രവര്‍ത്തകരും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്. കേസെടുക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിജെപി. ചന്ദ്രശേഖര്‍ ആസാദ് എംപിയും സ്ഥലത്തെത്തി. എംപിക്കൊപ്പം പരാതിക്കാരി നിഷുവും സിജെപി നേതാക്കളും സ്റ്റേഷനുള്ളില്‍ ചര്‍ച്ച നടത്തുകയാണ്. അതേസമയം തന്നെ സിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു പ്രതിഷേധക്കാരിലൊരാളുടെ പിതാവിന്റെ തലയടിച്ചു പൊളിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയിട്ടില്ലെന്നും പരസ്യമായി അവകാശപ്പെട്ട് സ്വതന്ത്ര ഭരദ്വാജ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രതികളെ സംരക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ഒഴിവാക്കുകയാണെന്ന് കഴിഞ്ഞദിവസം സൗരവ് ദാസ് ആരോപിച്ചിരുന്നു. നീതിനിര്‍വ്വഹണം തടസപ്പെടുത്തിയ കപില്‍ മിശ്രയെ കേസില്‍ പ്രതിയാക്കണമെന്നും സൗരവ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Cockroach Janata Party (CJP) workers staged another protest at Delhi’s Jantar Mantar. The demonstration marks a fresh street-level campaign by the party over its demands and political issues.

To advertise here,contact us