വീണ്ടും CJPക്ക് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ പിടികൂടും

രണ്ടര മണിക്കൂറാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്

ന്യൂഡല്‍ഹി: സിജെപി സമരത്തിന് മുന്നില്‍ വീണ്ടും മുട്ട് മടക്കി ഡല്‍ഹി പൊലീസ്. ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചതില്‍ ബിജെപി പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുക്കും എന്ന് പൊലീസ് ഉറപ്പ് നല്‍കി. നിലവിലെ എഫ്‌ഐആറില്‍ ഗുരുതരമായ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഭരദ്വാജിനെതിരെ ചുമത്തുക. തത്കാലം പിരിയുന്നെന്നും വൈകീട്ടെത്തി തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും സിജെപി നേതാക്കള്‍ അറിയിച്ചു.

ജന്തര്‍ മന്തറിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിജെപിയുടെ നീക്കം. രണ്ടര മണിക്കൂറാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം സ്വതന്ത്ര ഭരദ്വാജ് പോഡ്കാസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ച് മറ്റ് വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് തന്നെ ഭരദ്വാജിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.

മര്‍ദ്ദനമേറ്റ പിതാവും ഇദ്ദേഹത്തിന്റെ മകളും ഉള്‍പ്പടെയാണ് ഇന്ന് പ്രതിഷേധത്തിനെത്തിയത്. എംപിമാരായ പപ്പു യാദവ് , ചന്ദ്ര ശേഖര്‍ ആസാദ് അടക്കമുള്ളവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പ്രതിഷേധക്കാരിലൊരാളുടെ പിതാവിന്റെ തലയടിച്ചു പൊളിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയിട്ടില്ലെന്നും പരസ്യമായി അവകാശപ്പെട്ട് സ്വതന്ത്ര ഭരദ്വാജ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രതികളെ സംരക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ഒഴിവാക്കുകയാണെന്ന് കഴിഞ്ഞദിവസം സൗരവ് ദാസ് ആരോപിച്ചിരുന്നു. നീതിനിര്‍വ്വഹണം തടസപ്പെടുത്തിയ കപില്‍ മിശ്രയെ കേസില്‍ പ്രതിയാക്കണമെന്നും സൗരവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയത്.

Content Highlights: Delhi Police assured CJP protesters that BJP worker Swatantra Bhardwaj would be taken into custody within 72 hours in connection with the complaint involving a Dalit girl’s father. Police also assured that additional serious sections would be added to the FIR after examining his recent podcast remarks. CJP leaders said they would return later to review further action.

To advertise here,contact us