പപ്പു യാദവ് എംപിക്ക് നേരെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പെറിഞ്ഞ സംഭവം; രണ്ട് പേർ പിടിയില്‍

രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പപ്പു യാദവും രാഹുല്‍ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം നേരത്തെ വിവാദമായിരുന്നു

ലഖ്‌നൗ: വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ ആക്രമണത്തില്‍ ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമായി സ്വതന്ത്ര എംപി പപ്പു യാദവ് രംഗത്ത്. പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികള്‍ക്ക് സഹായം നല്‍കിയത് ഡല്‍ഹി പൊലീസെന്നും പപ്പു യാദവ് ആരോപിച്ചു. ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം പപ്പു യാദവ് എംപിയെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സുമിത് ശര്‍മ്മ, ഹാപ്പി ശര്‍മ്മ എന്നിവരാണ് തിലക് മാര്‍ഗ് പൊലീസിന്റെ പിടിയിലായത്.

ഇന്നലെയാണ് എംപി പപ്പു യാദവിന് നേരെ ചെരുപ്പേറ് ഉണ്ടായത്. അദ്ദേഹത്തിന്റെ വസതില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പപ്പു യാദവിന് നേരെ ചെരുപ്പ് എറിഞ്ഞത്. ആയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ പപ്പു യാദവ് നടത്തിയ ആക്ഷേപ ഹാസ്യ പ്രതിഷേധമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. പപ്പു യാദവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഒരാള്‍ സംസാരം തടസപ്പെടുത്തി എംപി രാമനെ അപമാനിച്ചെന്നാരോപിച്ച് ചെരുപ്പ് എറിയുകയായിരുന്നു. 34 വയസുള്ള സുമിത്ത് എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് ഇന്നലെ തന്നെ പൊലീസ് പറഞ്ഞിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം ഇയാളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിനായി മറ്റൊരാള്‍ പുറത്ത് കാത്തുനിന്നിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പപ്പു യാദവും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം നേരത്തെ വിവാദമായിരുന്നു. വാരാണസി പൊലീസ് സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസും എടുത്തിരുന്നു. രാഹുല്‍ ഗാന്ധിയെ കൂടാതെ എംപിമാരായ പപ്പു യാദവ്, അവദേശ് പ്രസാദ് എന്നിവരുടെ പേരും എഫ്ഐആറിലുണ്ടായിരുന്നു.

അയോധ്യ സംഭാവനാ തട്ടിപ്പില്‍ വേറിട്ട പ്രതിഷേധമായിരുന്നു പപ്പു യാദവും മറ്റ് പ്രതിപക്ഷ എംപിമായും നടത്തിയത്. കാവി വസ്ത്രം ധരിച്ച് ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരും ഭാഗമായി. തെരുവുനാടകത്തിന്റെ രൂപത്തിലായിരുന്നു പപ്പു യാദവിന്റെ അവതരണം.

സംഭാവനകള്‍ സ്വീകരിക്കാനുള്ള പെട്ടിയുമായി പപ്പു യാദവ് പാര്‍ലമെന്റിന്റെ മുറ്റത്ത് തറയിലിരുന്നു. സംഭാവന നല്‍കുന്ന ഭക്തരെപ്പോലെ അഭിനയിച്ച് രാഹുല്‍ ഗാന്ധിയടക്കമുള്ള മറ്റ് പ്രതിപക്ഷ എംപിമാര്‍ പെട്ടിയില്‍ പണമിട്ടു. ഈ പണം സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്ന പുരോഹിതനായാണ് പപ്പു അഭിനയിച്ചത്. ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞ് തടയാനെത്തിയ ഭക്തനായി സമാജ് വാദി പാര്‍ട്ടി എംപി അവദേശ് പ്രസാദും ധര്‍മേന്ദ്ര യാദവും അഭിനയിച്ചു. പ്രിയങ്ക ഗാന്ധി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നുള്ള എംപി മഹുവ മാജി എന്നിവരും നാടകത്തില്‍ പങ്കാളികളായിരുന്നു. സംഭവത്തില്‍ സ്പീക്കര്‍ ഓം ബിര്‍ല എംപിമാര്‍ക്ക് താക്കീത് നല്‍കിയിരുന്നു.

Content Highlights: Independent MP Pappu Yadav faced a security breach after a shoe was thrown at him during a press conference at his residence. Police detained the accused and are investigating the motive behind the incident, including possible links to recent political protests.

To advertise here,contact us