പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; അറിയാം സോഷ്യല്‍ മീഡിയ കത്തിച്ച താരത്തെ

പൊലീസുകാര്‍ അവരുടെ ജോലി ചെയ്യുകയാണെങ്കില്‍ അത് ഉത്തരവാദിത്തത്തോടെ ചെയ്യണമെന്ന് റിയ

മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍. ഡല്‍ഹിയിലെ സന്‍സദ് ചലോ മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിന് എതിരെ മുംബൈയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പൊലീസ് വാന്‍ തടഞ്ഞ യുവതി നടിയും മോഡലുമായ റിയയാണെന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊലീസുകാര്‍ അവരുടെ ജോലി ചെയ്യുകയാണെങ്കില്‍ അത് ഉത്തരവാദിത്തത്തോടെ ചെയ്യണമെന്ന് റിയ മാധ്യമങ്ങളോട് പറഞ്ഞു. 'അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് എനിക്ക് അറിയാം. എന്നാല്‍ അവര്‍ അത് ഉത്തരവാദിത്തത്തോടെ ചെയ്യുന്നില്ല. പൊലീസ് ആ ഉത്തരവാദിത്തം ചെയ്യുന്നില്ലെങ്കില്‍ ഞങ്ങളുടെ പൗരന്മാരുടെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കും. ഡല്‍ഹിയില്‍ പൊലീസ് ചെയ്തത് തെറ്റാണ്. അവര്‍ അത് അംഗീകരിച്ചേ പറ്റൂ', റിയ പറഞ്ഞു. താന്‍ വിദ്യാര്‍ത്ഥി അല്ലെന്നും തന്റെ പിതാവ് ഒരു കര്‍ഷകനല്ലെന്നും റിയ പറഞ്ഞു. 'ഞാന്‍ ഒരു ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ല, ഒബിസിയുമല്ല. എന്തുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രതിഷേധക്കാരെ കാണാത്തത്', റിയ പറയുന്നു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപി പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തിനുമെതിരെ ഇന്നും രാജ്യത്തുടനീളം നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അതേസമയം ഇന്നാദ്യമായി നീറ്റ് പരീക്ഷാ പേപ്പറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തി. കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതി സജീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ദോഷകരമാക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിന്നാലെ പ്രധാനമന്ത്രിക്ക് മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത് വന്നു. യുവാക്കളുടെ ഭാവി നശിപ്പിച്ചത് പ്രധാനമന്ത്രിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നാശത്തിന് പ്രോത്സാഹനം നല്‍കിയ ആളാണ് പ്രധാനമന്ത്രിയെന്നും ഉത്തരവാദികളായ എല്ലാവരെയും സംരക്ഷിക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക, വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കുക, അവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് മോദി ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Content Highlights: A photograph of a young woman standing in front of a police van transporting people detained during a CJP solidarity protest has gained widespread attention online

To advertise here,contact us