'ജന്തർ മന്തറിലെ പ്രതിഷേധം ഇതുപോലെ തന്നെ തുടരും, സർക്കാർ കണ്ണ് തുറക്കേണ്ട സമയമാണ്': സിജെപി വക്താവ് സൗരവ് ദാസ്

കേന്ദ്രം ഈ നിലപാട് തുടര്‍ന്നാല്‍ രാജ്യം ഏറ്റവും ഒടുവില്‍ ദുരന്തമായി മാറുമെന്ന് ഓര്‍ക്കണമെന്നും സിജെപി വക്താവ് പറഞ്ഞു

ന്യൂഡൽഹി: ജന്തര്‍ മന്തറിലെ പ്രതിഷേധം ഇതുപോലെ തന്നെ തുടരുമെന്നും സര്‍ക്കാര്‍ കണ്ണ് തുറക്കേണ്ട സമയമാണെന്നും സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ബുദ്ധി നഷ്ടപ്പെട്ടെന്നും ആരെങ്കിലും അവര്‍ക്ക് ബുദ്ധി ഉപദേശിക്കുന്നത് നന്നാകുമെന്നും സൗരവ് ദാസ് പറഞ്ഞു. കേന്ദ്രം ഈ നിലപാട് തുടര്‍ന്നാല്‍ രാജ്യം ഏറ്റവും ഒടുവില്‍ ദുരന്തമായി മാറുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ പങ്കാളിത്തമാണ് സമരത്തിന് ലഭിക്കുന്നത്. സമരത്തിലേക്ക് ഞങ്ങള്‍ എല്ലാവരെയും ലക്ഷിക്കുന്നു, ബിജെപിക്കാര്‍ക്കും സ്വാഗതം. പക്ഷെ അവര്‍ എല്ലാവരും സമരത്തിന്റെ കാരണം അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തെ കുറിച്ച് ചിലയാളുകള്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ സമയമില്ലെന്നും സൗരവ് ദാസ് വ്യക്തമാക്കി.

അതിനിടെ, ജന്തര്‍ മന്തറിലെ പ്രതിഷേധം കേരള മാധ്യമങ്ങള്‍ വളരെ നന്നായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സൗരവ് ദാസ് പ്രതികരിച്ചു. കേരളത്തിലെ മാധ്യമങ്ങള്‍ സത്യം കൃത്യമായി കാണിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദം ആവേണ്ടവരാണ് മാധ്യമങ്ങളെന്ന് പറഞ്ഞാണ് സൗരവ് പ്രതികരിച്ചത്. വളരെ നല്ല രീതിയിലാണ് കേരളത്തിലെ മീഡിയ പ്രവര്‍ത്തിക്കുന്നത്. അതേസമയം, ഗോദി മീഡിയയെ ശാരീരികമായി കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും അവരുടെ റിപ്പോര്‍ട്ടര്‍മാരെല്ലാം പാവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചേ മതിയാകൂ എന്നാണ് സിജെപിയുടെ നിലപാട്. ഡൽഹിയെ മെട്രോ സറ്റേഷനുകള്‍ അടച്ചിട്ട നടപടിയില്‍ പ്രതികരിച്ച സിജെപി ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ മോദി ഡല്‍ഹി മുഴുവന്‍ അടച്ചിടാന്‍ തയ്യാറാണെന്നും പരിഹസിച്ചിരുന്നു. സിജെപി ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താനുളള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷ പശ്ചാത്തലത്തില്‍ സമരവേദിയ്ക്കും പരിസരപ്രദേശങ്ങള്‍ക്കും ചുറ്റും കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. തലസ്ഥാനത്ത് അതിന്റെ ഭാഗമായി കടുത്ത ഗതാഗത സുരക്ഷാ നിയന്ത്രണങ്ങള്‍ തുടരുകയാണ്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടും. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നുണ്ടെങ്കിലും ചര്‍ച്ച എപ്പോള്‍ ഏത് രീതിയില്‍ നടക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.

Content Highlights: CJP spokesperson Sourav Das said the protest at Jantar Mantar will continue, urging the government to respond to the protesters' demands.

To advertise here,contact us