സിജെപി പ്രതിഷേധത്തിൽ സംഘര്‍ഷഭരിതമായി രാജ്യതലസ്ഥാനം; എം എ ബേബിയടക്കം ഇടതുനേതാക്കള്‍ ജന്തര്‍ മന്തറിലെത്തി

കൂടുതല്‍ പ്രതിഷേധക്കാര്‍ രാത്രിയിലും ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരുകയാണ്

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായി രാജ്യതലസ്ഥാനം. ജന്‍പഥ് മെട്രോ സ്റ്റേഷനു മുന്നില്‍ പൊലീസ് ജീപ്പ് സിജെപി പ്രതിഷേധക്കാര്‍ തള്ളിയിട്ടു. കൂടുതല്‍ പൊലീസ് സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുനേരെയും ആക്രമണ ശ്രമമുണ്ടായി. കൂടുതല്‍ പ്രതിഷേധക്കാര്‍ രാത്രിയിലും ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരുകയാണ്. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി, എംപിമാരായ കെ രാധാകൃഷ്ണന്‍, വി ശിവദാസന്‍ എന്നിവരും സമരക്കാർക്ക് പിന്തുണ അറിയിച്ച് ജന്തർ മന്തറിലെത്തി. സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജയും ആനി രാജയും സമരക്കാർക്ക് പിന്തുണ അറിയിച്ച് ഇവിടെയെത്തി. പൊലീസുമായുണ്ടായ പിടിവലിയിൽ രാധാകൃഷ്ണൻ എംപിയുടെ കൈക്ക് പരിക്കേറ്റു.

പാർലമെന്ററിന് ഇരുന്നൂറ് മീറ്റർ അകലെ റൈസിന റോഡിലും സന്‍സദ് മാർഗിലും വെച്ച് പ്രതിഷേധക്കാരെ തടഞ്ഞതോടെയാണ് രാജ്യ തലസ്ഥാനത്ത് സംഘർഷം കടുത്തത്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണിർവാതകവും പ്രയോഗിച്ചു. ജന്തർ മന്തറിലെ സമരപന്തല്‍ പോലീസ് പൊളിച്ച് നീക്കി. കൂടുതല്‍ പ്രവർത്തകരെത്തുന്നത് തടയാന്‍ രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള അഞ്ച് പ്രധാന മെട്രോ സ്റ്റേഷനുകൾ ഡൽഹി മെട്രോ കോർപ്പറേഷൻ താൽക്കാലികമായി അടച്ചിരുന്നു.

സെൻട്രൽ ഡൽഹിയുടെയും സമരസ്ഥലത്തിന്റെയും പരിസരങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചുകൊണ്ടായിരുന്നു സമരത്തെ പൊലീസ് നേരിട്ടത്. ഇതിനിടെ സമരക്കാരുടെ പ്രതിനിധികൾ കേന്ദ്ര മന്ത്രി ജെ പി നദ്ദയുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് 10 മിനിറ്റ് ചർച്ച നടത്തി.

മൂന്ന് ആവശ്യങ്ങൾ അടങ്ങിയ കത്ത് നദ്ദയ്ക്ക് കൈമാറി. ധർമേന്ദ്ര പ്രധാൻ രാജി വെക്കുക, സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക്‌ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്.

അതേസമയം, സിജെപി പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം ലോക്‌സഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കടുത്തതോടെ ഏഴുതവണയാണ് പൊലീസ് ബലപീരങ്കി പ്രയോഗിച്ചത്.

Content Highlights: CPIM State Secretary M A Baby and MPs K Radhakrishnan and V Sivadasan extended support to CJP protesters

To advertise here,contact us