ന്യൂഡൽഹി: ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തിയിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വിയോജിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണെന്നും എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധ പാര്‍ട്ടി ഭരിക്കുന്നത് ലജ്ജാകരമാണെന്നും പവൻ ഖേര പറഞ്ഞു. ഇന്നലെ ഡല്‍ഹില്‍ പുതിയ പൊലീസ് കമ്മീഷണറെ നിയമിച്ചു, ഇതിന് തൊട്ട് പിന്നാലെയാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുന്ന സംഭവം അരങ്ങേറിയത്. ഇത്തരം സംഭവങ്ങള്‍ ഭയാനകമായ സന്ദേശമാണ് നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാരിന് ഭരണഘടനയോട് അവജ്ഞയാണെന്നും പവന് ഖേര കുറ്റപ്പെടുത്തി.
സേനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയതിൽ സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. സോനം വാങ്ങ്ചുക്കിനെ കസ്റ്റഡിയിലെടുക്കാമെന്നും എന്നാൽ അദ്ദേഹം ഉയര്‍ത്തിയ ആശയങ്ങളെ ഒരിക്കലും തടവറയിലിടാന്‍ കഴിയില്ലെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്. 'ONE DAY WE SHALL OVERCOME' എന്നും ബിനോയ് വിശ്വം പറഞ്ഞു.
കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണ നൽകി സിപിഐഎം നേതാവ് ബൃന്ദാ കാരാട്ടും സമരവേദിയിലെത്തി.
ഇന്ന് പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താതിരിക്കാൻ വെള്ള തുണികൾ കൊണ്ട് മറച്ചാണ് വാങ്ചുക്കിനെ സമരവേദിയിൽ നിന്ന് നീക്കിയത്. ഇതിന് പിന്നാലെ അഭിജീത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചിരുന്നു.
Content Highlights: Congress leader Pawan Khera condemned the police action against Sonam Wangchuk, describing it as "shameful." He alleged that the Central government was suppressing democratic protests and denying citizens their constitutional rights.