ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്രവോട്ടർ പട്ടിക പരിഷ്കരണ ( എസ്ഐആർ) നടപടി ശരിവെച്ച് സുപ്രീംകോടതി. എസ്ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും സുപ്രീംകോടതി. എസ്ഐആർ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
എസ്ഐആർ നടപടികൾ ഭരണഘടനയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. എസ്ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ തടസ്സവാദങ്ങൾ തള്ളി കളഞ്ഞ് കൊണ്ടാണ് കോടതി വിധി.
തിരഞ്ഞെടുപ്പിൻ്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കമ്മീഷൻ സ്വീകരിച്ച നടപടികൾക്ക് സാധിച്ചതായാണ് കോടതി വിലയിരുത്തൽ. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്ഐആറിൽ പങ്കാളികളാകാനും പരാതി പരിഹാരത്തിനുമായി നിരവധി അവസരങ്ങൾ ഈ പ്രക്രിയയിൽ ഉടനീളം നൽകിയിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകളിലൂടെ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണം സമഗ്രമാക്കാനായെന്നും വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് പൗരത്വവുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കാന്‍ കമ്മിഷന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
Content Highlights: The Supreme Court has upheld the SIR proceedings, marking a significant development in the case and drawing attention from legal and political circles