ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അഭിജീത് ദീപ്കെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ജാതി അധിക്ഷേപം. താന്‍ ദളിത് വിഭാഗതത്തിൽ നിന്നുള്ള ആളാണെന്ന് കഴിഞ്ഞ ദിവസം അഭിജീത് പരസ്യപ്പെടുത്തിയതിന് പിന്നാലെയാണിത്. സിജെപിയുടെ നിലനില്‍പ്പ് സംബന്ധിച്ച ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെ ഇവരുടെ ദളിത് വിഷയങ്ങളിലെ നിലപാട് എന്തെന്ന ചോദ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 'ഞാന്‍ ഒരു ദളിതനാണ്. ഇപ്പോള്‍ തന്നെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു അഭിജീത് ദീപ്കെയുടെ മറുപടി. പിന്നാലെയാണ് അഭിജീത്തിനെതിരെ കടുന്ന ജാതി അധിക്ഷേപം നടത്തുന്നത്.
അപ്പോൾ സ്വയം പ്രഖ്യാപിത ജെന്‍സി നേതാവ് സംവരണത്തിന് എതിരാണെന്ന് മുംബൈയില്‍ നിന്നുള്ള എഴുത്തുകാരി അനുരാധ തീവാരി ട്വീറ്റ് ചെയ്തു.ആ ഗയ ഡി കാര്‍ഡ് (ദളിത് കാര്‍ഡ് എത്തി) എന്നായിരുന്നു മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്. ഇരുപതിനായിരത്തോളം ഫോളോവേഴ്സുള്ള ഐആംഹൈഡ്രോ എന്ന അക്കൗണ്ടില്‍ അഭിജീതിനെ അധിക്ഷേപിക്കുന്ന ചിത്രം പങ്കുവെച്ചു. നാല്പത് വോട്ട് നേടി നിങ്ങള്‍ക്ക് പ്രധാനമന്ത്രിയാകണോ എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്. അതേസമയം അഭിജീതിനെതിരായ ജാതി അധിക്ഷേപത്തിനെതിരെയും നിരവധി പേര് രംഗത്തെത്തി. ദളിതരോടുള്ള വെറുപ്പിന്റെ അളവ് അറപ്പുളവാക്കുന്നതാണെന്ന് നിരവധി പേര് പ്രതികരിച്ചു.
മുപ്പതുകാരനായ അഭിജീത് ദിപ്കെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയാണ്. 2020 മുതല്‍ 2023 വരെ ആം ആദ്മിയുടെ സോഷ്യല്‍ മീഡിയാ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ ചേരാന്‍ ജനങ്ങളെ ക്ഷണിച്ചുകൊണ്ട് എക്സില്‍ അഭിജീത് ഒരു ഗൂഗിള്‍ ഫോം പങ്കുവെച്ചിരുന്നു. തൊഴില്‍ രഹിതര്‍, മടിയന്മാര്, എപ്പോഴും ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നവര്‍, പ്രൊഫഷണലായി കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്നവര്‍ അങ്ങനെ ആര്‍ക്കും ഈ കൂട്ടായ്മയുടെ ഭാഗമാകാം എന്നാണ് അഭിജീത് പറയുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ചാണ് ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടി രൂപപ്പെട്ടുവന്നത്. കഴിഞ്ഞയാഴ്ച്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്' എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. സൂര്യകാന്തിന് മറുപടിയായി എക്സ് പ്ലാറ്റ്ഫോമില്‍ ആരംഭിച്ച ആക്ഷേപഹാസ്യ അക്കൗണ്ടാണ് 'കോക്രോച്ച് ജനതാ പാര്‍ട്ടി'.
Content Highlights: cockroach Janta Party founder Abhijeet Dipke faces caste attacks x