'മധ്യപ്രദേശ് സർക്കാരിന്റെ വർഗ്ഗീയ സ്വഭാവമുള്ള നടപടികളിൽ അന്വേഷണം വേണം';ഹൈക്കോടതിയെ സമീപിച്ച് കുംഭമേള വൈറൽ താരം

അന്വേഷണത്തിന്റെ പേരില്‍ മധ്യപ്രദേശ് പൊലീസ് തന്നെയും ഭര്‍ത്താവിനെയും നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും പെൺകുട്ടി

ഭോപ്പാല്‍: മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ച് കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭര്‍ത്താവും. ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഹര്‍ജി. ജനന സര്‍ട്ടിഫിക്കറ്റ് പുന:സ്ഥാപിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മധ്യപ്രദേശ് സര്‍ക്കാരിന്റെ വര്‍ഗ്ഗീയ സ്വഭാവമുള്ള നടപടികളില്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അന്വേഷണത്തിന്റെ പേരില്‍ മധ്യപ്രദേശ് പൊലീസ് തന്നെയും ഭര്‍ത്താവിനെയും നിരന്തരം ശല്യപ്പെടുത്തുന്നു. കേരളത്തില്‍ സമാധാനമായി ജീവിക്കാന്‍ മധ്യപ്രദേശ് പൊലീസ് അനുവദിക്കുന്നില്ല എന്നുമാണ് പെണ്‍കുട്ടിയുടെ ഹര്‍ജിയിലെ ആക്ഷേപം.

കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാന്‍ ഖാനും മാര്‍ച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.

പിന്നീടാണ് ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസെടുത്തത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആധാറും പാന്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷന്‍ നടത്തിയതെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 18 വയസ് തികഞ്ഞിട്ടുണ്ടെന്നും വിവാഹം നടന്നതില്‍ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ് പി ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു.

കേസില്‍ ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.

Content Highlights: Kumbh Mela viral girl and her husband approach Madhya Pradesh High Court

To advertise here,contact us