ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ചു; ഹരിയാനയില്‍ യുവാവിന് ദാരുണാന്ത്യം

രോഹിത് തന്റെ പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി

ഗുരുഗ്രാം: ഹരിയാനയില്‍ ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ച യുവാവിന് ദാരുണാന്ത്യം. ഗുരുഗ്രാമിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ രോഹിത് ലാല്‍ എന്ന ഇരുപത്തിയൊന്‍പതുകാരനാണ് മരിച്ചത്. ന്യൂഡല്‍ഹി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു രോഹിത് ലാല്‍. ഗുരുഗ്രാമില്‍ വാടകയ്ക്ക് വീടെടുത്തായിരുന്നു രോഹിത്തിന്റെ താമസം.

രോഹിത്തിന്റെ സഹപ്രവര്‍ത്തകനാണ് പൊലീസിനെ വിവരമറിയിച്ചത്. പതിവായി രോഹിത്തിനൊപ്പമായിരുന്നു ഓഫീസില്‍ പോകാറുളളതെന്നും അന്ന് ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് ചെന്ന് നോക്കിയപ്പോള്‍ വാതില്‍ തുറന്നില്ലെന്നും സഹപ്രവര്‍ത്തകന്‍ പൊലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് യുവാവിനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് മരുന്നുകളും കണ്ടെടുത്തു.

രോഹിത് തന്റെ പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ യുവതി എത്തുമ്പോഴേക്കും രോഹിത്തിന്റെ മരണം സംഭവിച്ചിരുന്നു. ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. യുവാവിന്റെ ആന്തരിക അവയവങ്ങളും മുറിയില്‍ നിന്ന് കണ്ടെടുത്ത മരുന്നുകളും ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights: Youth dies after overdose of sex-enhancing drugs in Haryana

To advertise here,contact us