ആം ആദ്മിയില്‍ പൊട്ടിത്തെറി; ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച് രാഘവ് ഛദ്ദ അടക്കം മൂന്ന് എംപിമാര്‍

അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ഛദ്ദയ്ക്ക് പുറമേ ബിജെപിയിൽ ചേരുന്നത്

‍‍‍‍‍‍‍‍‍‍‍ഡൽഹി: രാഘവ് ഛദ്ദ അടക്കം ഏഴ് രാജ്യസഭ എംപിമാ‍ർ ആം ആദ്മി പാർട്ടി (എഎപി) വിട്ടു. ഛദ്ദ ഉൾപ്പെടെയുള്ള മൂന്ന് എംപിമാർ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ഛദ്ദയ്ക്ക് പുറമേ ബിജെപിയിൽ ചേരുന്നത്. ഇതോടെ എഎപിയിൽ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്. വാർത്താസമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൂടുതൽ എംപിമാർ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു.

നൽകിയ ഉത്തരവാദിത്വം മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് വാർത്താസമ്മേളനത്തിൽ രാഘവ് ഛദ്ദ പറഞ്ഞു. അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞതിനൊപ്പം രൂക്ഷമായ വിമർശനവും രാഘവ് ഛദ്ദ നടത്തി. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നൽകി ഡൽഹിയിൽ അധികാരത്തിൽ വന്ന എഎപി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി അദ്ദേഹം ആരോപിച്ചു. ഇതുവരെ താൻ തെറ്റായ പാർട്ടിയിലാണ് തുർന്നതെന്നും രാഘവ് ഛദ്ദ പറഞ്ഞു.

നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ എഎപിയിൽ നിന്ന് അകന്നിരുന്നു. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് രാഘവ് ഛദ്ദ പറഞ്ഞത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഛദ്ദ ചോദിച്ചിരുന്നു.

Content Highlights: Raghav Chadha, 6 other Rajya Sabha MPs resign from Aam Aadmi, 3 join BJP

To advertise here,contact us