ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള പ്രമേയം ഇരുസഭകളും തളളി. എല്ലാ വശങ്ങളും വ്യക്തമായി പരിശോധിച്ച്, സൂക്ഷ്മവും വസ്തുനിഷ്ഠവുമായ വിലയിരുത്തലിന് ശേഷം പ്രമേയം തളളുകയാണ് എന്നാണ് രാജ്യസഭാ ചെയര്മാന് അറിയിച്ചത്. ഗ്യാനേഷ് കുമാറിനെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച നോട്ടീസ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും തളളി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പദവിയില്‍ നിന്ന് നീക്കംചെയ്യാനായി പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി പ്രതിപക്ഷ എംപിമാര്‍ നല്കിയ നോട്ടീസില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിഷ്പക്ഷത പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ആരോപിക്കുന്നത്.
സുപ്രധാനമായ ഏഴ് ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാനായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പരിഗണനയിലുണ്ടായിരുന്ന കേസിനിടെ അര്‍ധരാത്രിയില്‍ അടിയന്തരമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചു. ഇത് ഭരണകൂടത്തിന് പ്രിയപ്പെട്ടവരെ നിയമിക്കാനായി നടത്തിയ ശ്രമമാണ് എന്നതാണ് സുപ്രധാന ആരോപണം. നിഷ്പക്ഷത നഷ്ടമായെന്നതാണ് രണ്ടാമത്തെ ആരോപണം. ഭരണഘടനാപരമായ ബാധ്യതയും നിഷ്പക്ഷതയും പാലിക്കാതെ ഭരണകൂടത്തിന്റെ സ്വാധീനത്തില്‍ കമ്മീഷണര്‍ പ്രവര്‍ത്തിച്ചു. 2025 ഓഗസ്റ്റ് 17-ലെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് പൊതുമുന്നറിയിപ്പ് നല്‍കിയത് വിവേചനപരമാണ്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഭരണകക്ഷി നേതാക്കള്‍ക്കെതിരായ സമാന ആരോപണങ്ങളില്‍ അതേ മാനദണ്ഡം പാലിച്ചില്ല.
എസ്ഐആര്‍ നടപടികള്‍ ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നടപ്പാക്കി. പൗരത്വ പരിശോധനയുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി. ബിഹാറില്‍ ഏകദേശം 65 ലക്ഷം പേരെയും പശ്ചിമ ബംഗാളില്‍ ഏകദേശം 58 ലക്ഷം പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇത് സാമൂഹികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളെ ബാധിച്ചു. നീതിന്യായ നടപടി തടസപ്പെടുത്തി. മെഷീനില്‍ വായിക്കാവുന്ന വോട്ടര്‍ പട്ടികകള്‍ നല്കുന്നതില് വിസമ്മതം പ്രകടിപ്പിച്ചത് സുതാര്യത ഇല്ലാതാക്കി തുടങ്ങിയവയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം. ലോക്സഭയില്‍ 130 എംപിമാരും രാജ്യസഭയില്‍ 63 എംപിമാരുമാണ് നോട്ടീസില്‍ ഒപ്പിട്ടത്.
Content Highlights: Both houses reject motion to impeach Chief Election Commissioner Gyanesh Kumar