നിതീഷ് കുമാറിന്റെ മകൻ സജീവ രാഷ്ട്രീയത്തിലേക്ക്; നാളെ ജെഡിയുവിൽ ചേരും

ഉടൻ തന്നെ സംസ്ഥാനവ്യാപകമായി ഒരു യാത്ര നിശാന്ത് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്

പട്‌ന: നിതീഷ് കുമാറിന്റെ മകൻ നാളെ ജെഡിയുവിൽ അംഗത്വമെടുക്കും. പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നിതീഷ് കുമാറിന്റെ ഒരേയൊരു മകൻ നിശാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞദിവസം നിതീഷ് കുമാർ രാജ്യസഭാ നോമിനേഷൻ സമർപ്പിച്ചിരുന്നു. നിശാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം പാർട്ടിയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രമുഖ നേതാക്കളടക്കം പ്രതീക്ഷിക്കുന്നത്. പട്‌നയിൽ നടക്കുന്ന പൊതുചടങ്ങിലായിരിക്കും നിശാന്ത് കുമാർ പ്രാഥമിക അംഗത്വമെടുക്കുക. പരിപാടിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പതിറ്റാണ്ടുകാലമായി ബിഹാർ മുഖ്യമന്ത്രിയായി പ്രവർത്തിച്ച നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകാൻ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിയുടെ നേതൃത്വത്തെ കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ അടുത്ത തലമുറയെ പാർട്ടിയുടെ നേതൃത്വ നിരയിലെത്തിക്കുന്നതിനെ ഒരു വിഭാഗം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്തുന്നതും പാർട്ടിയുടെ നേതൃമാറ്റവും തമ്മിൽ ബന്ധമില്ലെന്നാണ് ജെഡിയു നേതാക്കൾ അവകാശപ്പെടുന്നത്. കാലങ്ങളായി പാർട്ടി പ്രവർത്തകരും അനുയായികളും മുഖ്യമന്ത്രിയോട് മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നുണ്ടെന്നാണ് അവരുടെ വിശദീകരണം.

എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ നിതീഷ് കുമാറിന്റെ നേതൃത്വം അനിവാര്യമാണെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇതുവരെ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നിശാന്ത് കുമാർ. 1975ൽ ഭക്തിയാർപൂരിൽ ജനിച്ച നിശാന്ത് കുമാർ മെസ്‌റ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്നും സോഫ്റ്റ്‌വെയർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പിതാവിനൊപ്പം പല പൊതുപരിപാടികളിലും നിശാന്ത് പങ്കെടുത്തിരുന്നു. പതിയെ പതിയെ പാർട്ടിയുടെ ചുമതലകളും ഉത്തരവാദിത്തവും നിശാന്തിനെ ഏൽപ്പിക്കുമെന്നാണ് ജെഡിയുവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഉടൻ തന്നെ സംസ്ഥാനവ്യാപകമായി ഒരു യാത്ര നിശാന്ത് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Nishant Kumar, son of Bihar Chief Minister Nitish Kumar, is expected to formally enter active politics on March 8.

To advertise here,contact us