ഖമനയിയുടെ മരണം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ലാൽ ചൗക്ക് അടച്ചു, ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണം

കശ്‌മീർ താഴ്വരയിലെ മുഴുവൻ സ്‌കൂളുകളും കോളേജുകളും ഇന്നും നാളെയും അടച്ചിടും

ശ്രീനഗർ: കശ്മീരിലെ ഏറെ പ്രശസ്തമായ ലാൽ ചൗക്ക് മേഖല അടച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് അടച്ചത്. കഴിഞ്ഞ ദിവസം ഷിയ മുസ്‌ലിങ്ങൾ ലാൽ ചൗക്കിൽ പ്രതിഷേധിച്ചിരുന്നു.

മേഖലയിൽ മൊബൈൽ ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണമുണ്ട്. കശ്‌മീർ താഴ്വരയിലെ മുഴുവൻ സ്‌കൂളുകളും കോളേജുകളും ഒന്നും നാളെയും അടച്ചിടും. നിരവധി മത, സാമൂഹിക നേതൃത്വത്തിൽപ്പെട്ടവർ സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ബന്ദിനെ പിന്തുണയ്‌ക്കുന്നുണ്ട്‌.

വ്യാപക പ്രതിഷേധമാണ് ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെ കശ്മീരിൽ ഉണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ മിലിട്ടറി ഒബ്സർവേഴ്സ് ഗ്രൂപ്പിന്റെ ഓഫീസിന്റെ മുൻപിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. പിന്നാലെ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചിരുന്നു. കനത്ത സുരക്ഷയിൽ, തീർത്തും സമാധാനപരമായാണ് പ്രതിഷേധം നടന്നത്. ഖമനയിയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച്, കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് പ്രതിഷേധത്തിനെത്തിയത്.

പ്രതിഷേധക്കാരോട് ശാന്തരാകാനും സംയമനം പാലിക്കാനും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയവുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂരി' ആക്രമണത്തിൽ ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ച് ഖമനയി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഖമനയിയുടെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടിരുന്നു. ഇറാൻ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ, റവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പക് പൗർ എന്നിവരും കൊല്ലപ്പെട്ടു.

Content Highlights: Authorities have closed the prominent Lal Chowk area in Srinagar, Kashmir, following protests that erupted after reports of the assassination of Iran’s Supreme Leader, Ayatollah Ali Khamenei. Security forces were deployed in large numbers to prevent escalation and maintain law and order.

To advertise here,contact us