ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ മാത്രമാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റേതാണ് തീരുമാനം. 2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാവര്‍ത്തികമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ മാത്രമായിരിക്കും ഏപ്രിൽ ഒന്ന് മുതൽ ടോള്‍ നല്കാന് സാധിക്കുക.
നിലവില്‍ ലഭിക്കുന്ന ടോളിന്റെ 98 ശതമാനത്തോളവും ഫാസ്ടാഗ് വഴിയാണ് ശേഖരിക്കുന്നത്. ബാക്കിയുള്ള രണ്ട് ശതമാനം യുപിഐ വഴിയോ ക്യാഷ് പേയ്മെന്റായോ ആണ് ലഭിക്കുന്നത്. ഇത് പൂര്‍ണമായും ഡിജിറ്റല്‍ പേയ്മെന്റിലേക്ക് മാറ്റാനാണ് തീരുമാനം.
ടോള്‍ പ്ലാസകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എന്‍എച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാസ്ടാഗ് ഉപയോഗിക്കുന്നതിലൂടെ ടോള്‍ പ്ലാസകളിലൂടെ തടസമില്ലാത്ത യാത്ര സാധ്യമാക്കാനാവും.
പണമടയ്ക്കുമ്പോളുണ്ടാകുന്ന തിരക്ക്, കാത്തിരിപ്പ് എന്നിവ സുഗമമായ യാത്രയെ ബാധിക്കുമെന്നും എന്‍എച്ച്എഐ ചൂണ്ടിക്കാണിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫാസ്ടാഗ് നടപ്പിലാക്കിയ ടോള്‍ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കന്റില്‍ നിന്ന് 47 സെക്കന്‍ഡായി കുറഞ്ഞുവെന്ന് ദേശിയപാത അതോരിറ്റി പറഞ്ഞിരുന്നു. 2026 അവസാനത്തോടെ എല്ലാ ടോള്‍ പ്ലാസകളിലും തടസമില്ലാത്ത യാത്രകള്‍ സാധ്യമാകുമെന്നും ദേശീയപാത അതോരിറ്റി വ്യക്തമാക്കി.
Content Highlight; National Highway toll plazas across India may become completely cashless from April 1, as the National Highways Authority of India (NHAI) has proposed allowing only digital payment modes such as FASTag and UPI.