'വളരെ മികച്ചത്'; AI ഉച്ചകോടിക്കെതിരെ കോൺഗ്രസ് വിമർശനം കനക്കുന്നതിനിടെ കേന്ദ്രത്തെ പിന്തുണച്ച് ശശി തരൂർ

എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുകളെ ഇന്ത്യന്‍ നിര്‍മ്മിത റോബോട്ടുകളായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.

ന്യൂഡൽഹി: എഐ ഉച്ചകോടി നടത്തിപ്പിനെതിരെ കോൺ​ഗ്രസ് രൂക്ഷ വിമർശനം തുടരവെ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ എംപി. ഉച്ചകോടി വളരെ മികച്ചതാണെന്നാണ് തരൂരിൻ്റെ അഭിപ്രായം. എന്നാൽ എഐ ഉച്ചകോടിയുടെ സംഘാടനത്തിലെ പാളിച്ചയും, ​ഗൽ​ഗോട്ടിയാസ് സർവകലാശാലയുടെ ചൈനീസ് റോബോ നായയും വരെയുള്ള വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രൂക്ഷവിമർശനമാണ് കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കോൺ​ഗ്രസ് ഉന്നയിക്കുന്നത്.

എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുകളെ ഇന്ത്യന്‍ നിര്‍മ്മിത റോബോട്ടുകളായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോൺ​ഗ്രസിൻ്റെ ഔദ്യോ​ഗിക നിലപാടിന് വിരുദ്ധമായി ശശി തരൂർ എത്തിയത്. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം എന്നിരുന്നാലും ഉച്ചകോടി വളരെ മികച്ചതാണെന്നാണ് ശശി തരൂരിൻ്റെ പ്രതികരണം.

എഐ രം​ഗത്തെ മുന്നേറ്റവും ലോക നേതാക്കളുടെ പങ്കാളിത്തവും ഉയര്‍ത്തിക്കാണിച്ചാണ് ശശി തരൂർ എഐ ഉച്ചകോടിയെ പിന്തുണയ്ക്കുന്നത്. പ്രതിരോധ രം​ഗത്തെ സമീപനത്തിൽ സർക്കാരിനൊപ്പമെന്നും തരൂർ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി പാര്‍ലമെന്‍റില്‍വച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.

അതേസമയം, എഐ രം​ഗത്തെ ഉത്തരവാദിത്തവും രാജ്യാന്തര സഹകരണവും വളർത്താൻ ലക്ഷ്യമിട്ട എഐ ഇംപാക്ട് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനവും ഇന്ന് അം​ഗീകരിക്കും. എഐ രംഗത്തെ പുരോഗതി വിലയിരുത്താനും മുൻഗണനകൾ ഏകോപിപ്പിക്കാനും ഇന്നും ചർച്ചകൾ നടക്കും. എഐ വികസനത്തിനായി ബഹുമുഖ സഹകരണം ശക്തിപ്പെടുത്താനും അംഗരാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തും.

വിവിധ ആ​ഗോള ടെക് സ്ഥാപന പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകളും തുടരും. ഡൽഹിയിൽ ഇന്നലെ തുടങ്ങിയ ഔദ്യോ​ഗിക ഉച്ചകോടിയിൽ ഇരുപതിലേറേ രാഷ്ട്രത്തലവന്മാരും ലോകത്തെ എഐ രം​ഗത്തെ പ്രധാനികളും പങ്കെടുത്തു. എപ്സ്റ്റീന്‍ ഫയൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിൽഗേറ്റ്സ് ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയുടെ ഭാഗമായുള്ള എഐ എക്സ്പോ നാളെയും തുടരും.

Content Highlights: Shashi Tharoor MP supports AI summit as Congress continues to criticize it

To advertise here,contact us