ന്യൂ ഡൽഹി: വ്യവസ്ഥകൾ പാലിച്ചില്ല എന്ന കാരണത്താൽ തമിഴ്നാട് വഖഫ് ബോർഡിന്റെ പ്രവർത്തനം നിർത്തിവെച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. രണ്ട് അമുസ്ലിങ്ങൾ, ഒരു പ്രൊഫഷണൽ വ്യക്തി എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വഖഫ് ബോർഡിന്റെ പ്രവർത്തനം നിർത്തിവെച്ചത്. ഈ നടപടിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
മുതിർന്ന അഭിഭാഷകനായ പി വിൽസൺ ആണ് വഖഫ് ബോർഡിന് വേണ്ടി ഹാജരായത്. എട്ട് അംഗങ്ങളെ മുൻപുതന്നെ നിയമിച്ചിട്ടുണ്ടെന്നും, പ്രായോഗിക ബുദ്ധിമുട്ടുകളാലാണ് മറ്റുള്ളവരെ നിയമിക്കാൻ വൈകിയത് എന്നും അദ്ദേഹം വാദിച്ചു. ബാർ കൗൺസിൽ മെമ്പറായ ഒരാളെ നിയമിക്കണമെന്നാണ് ചട്ടം. എന്നാൽ ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നതിനാൽ അതിന് സാധിച്ചില്ല എന്നും അഭിഭാഷകൻ അറിയിച്ചു. റംസാൻ മാസമായതിനാൽ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നത് ബോർഡിന്റെ കാര്യങ്ങളെ ബാധിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
ജനുവരി എട്ടിനാണ് മദ്രാസ് ഹൈക്കോടതി തമിഴ്നാട് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമപരമായ അധികാരം അനുസരിച്ചല്ല ബോർഡ് രുപീകരിച്ചിരിക്കുന്നത് എന്നാണ് ഹർജിക്കാരൻ വാദിച്ചത്. രണ്ടുപേരെ നിയമിക്കണം എന്നാണ് ചട്ടമെങ്കിലും ഒരാളെ മാത്രമാണ് നിയമിച്ചത്. രണ്ട് പേര് മുസ്ലിങ്ങൾ അല്ലാത്തവരായിരിക്കണം എന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ഇത് നികത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് സംസ്ഥാനം വാദിച്ചത്.
മുൻ ഭരണസമിതിയിലെ അംഗങ്ങളായ രണ്ടുപേർ ബോർഡിൽ തുടരുന്നുണ്ടെന്നും അമുസ്ലിം അംഗങ്ങളുടെ പരിഹരിക്കാൻ ഇവരെ കണക്കാക്കരുതെന്നും സംസ്ഥാനം വാദിച്ചു.
Content Highlights:Supremecourt stays madras highcourt order on stopping tamilnadu waqf boards operations