'രാഷ്ട്രീയ പാർട്ടിയുടെ പ്രധാന നേതാവ് ഇത്രയും മോശവും അപമാനകരവുമായ പരാമർശം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല'

മുന്‍കാലങ്ങളിലെന്ന പോലെ ഇനിയുള്ള കാലവും നിഷ്പക്ഷ രാഷ്ട്രീയം പിന്തുടരാന്‍ തന്നെയാണ് തന്‍റെ തീരുമാനമെന്ന് തൃഷ

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ നെെനാർ നാഗേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശത്തിൽ രൂക്ഷ വിമർശനവുമായി നടി തൃഷ കൃഷ്ണൻ. സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്ര മോശവും അപമാനകരവുമായ ഒരു പരാമര്‍ശം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് തൃഷ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളല്ല. അങ്ങനെ ആകാന്‍ ഉദ്ദേശിക്കുന്നുമില്ല. മുന്‍കാലങ്ങളിലെന്ന പോലെ ഇനിയുള്ള കാലവും നിഷ്പക്ഷ രാഷ്ട്രീയം പിന്തുടരാന്‍ തന്നെയാണ് തീരുമാനം. തന്റെ തെളിയിക്കപ്പെട്ട കഴിവുകളിലൂടെ മാത്രം അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒന്നിന്റെ പേരിലും പ്രശസ്തിയുണ്ടാകണമെന്ന് ആഗ്രഹമില്ല. വ്യക്തികളുടെ ജീവിതം പൊതുസമൂഹത്തില്‍ എടുത്ത് ഇഴകീറി പരിശോധിക്കേണ്ടതില്ല. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ സമൂഹത്തോട് ഉത്തരവാദിത്വവും പ്രതിബദ്ധതയും കാണിക്കണമെന്നും തൃഷ പറഞ്ഞു. തന്നെ ബാധിക്കാത്ത ഒരു കാര്യത്തിലും തന്റെ പേര് വലിച്ചിഴക്കരുതെന്നും തൃഷ അഭ്യര്‍ത്ഥിച്ചു.

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനാണ് വിജയ്ക്കും തൃഷയ്ക്കുമെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. വിജയ് ആദ്യം തൃഷയുടെ വീട് വിട്ട് പുറത്തുവരണമെന്നും സ്വന്തം കുടുംബത്തോട് സ്‌നേഹവും അടുപ്പവും കാണിക്കണമെന്നുമായിരുന്നു നൈനാർ നാഗേന്ദ്രൻ പറഞ്ഞത്.

'വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം, രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വീട് വിട്ട് പുറത്തിറങ്ങണം.സ്വന്തം കുടുംബത്തോട് എങ്കിലും സ്നേഹവും അടുപ്പവും കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. നല്ല നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയില്‍ സംസാരിക്കണം. മേല്‍ക്കൂരയില്‍ കയറി കോഴിയെ പിടിക്കാന്‍ കഴിയാത്ത ആള്‍ക്ക് ആകാശത്തേറി വൈകുണ്ഠത്തില്‍ പോകാന്‍ കഴിയുമോ.' എന്നും നൈനാർ നാഗേന്ദ്രൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രസ്താവനയുമായി തൃഷ രംഗത്തെത്തിയത്.

Content Highlight; Trisha issues official statement on BJP leader's insuliting remarks

To advertise here,contact us