ഡെറാഡൂൺ: മുസ്ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്റംഗ്ദള്‍ പ്രവർത്തകരെ തടഞ്ഞ ദീപക് കുമാറിനെതിരെ കേസെടുത്തു. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ദീപക് കുമാറിന് പുറമേ വിജയ് റാവത്ത് എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രവർത്തകരെ ആക്രമിച്ചു, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ജനുവരി 26നായിരുന്നു ദീപക് മുസ്ലിം കച്ചവടക്കാരനോട് തട്ടിക്കയറുന്ന ബജ്റംഗ് ദൾ പ്രവർത്തകരെ തടഞ്ഞത്. സുഹൃത്തിന്റെ കടയിൽ നിൽക്കുമ്പോഴാണ് തൊട്ടടുത്തുള്ള കടയിൽ നിന്നുള്ള ബഹളം ദീപക് ശ്രദ്ധിക്കുന്നത്. വകീൽ അഹമ്മദ് എന്ന കച്ചവടക്കാരന്റെ കടയുടെ പേരിനൊപ്പം ബാബ എന്ന് വന്നതാണ് ബജ്റംഗ്ദള്‍ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പിന്നാലെ ദീപക് ഇവരെ തടഞ്ഞതും തന്റെ പേര് മുഹമ്മദ് ദീപക് എന്നാണെന്നും പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംഭവം രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെ ദീപക് കുമാറിനെതിരെ ഭീഷണിയുമായി ബജ്റംഗ്ദള്‍ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കോട്ദ്വാറിലെ ദീപക്കിന്റെ വീടിന് മുന്നിലെത്തണമെന്നും ഒരു പാഠം പഠിപ്പിക്കണമെന്നും ബജ്റംഗ്ദള്‍ പ്രവർത്തകർ ആഹ്വാനം ചെയ്യുകയായിരുന്നു. ദീപക് കുമാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ബജ്റംഗ്ദള്‍ പ്രവർത്തകർക്ക് എതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ദീപക്കിനെ പ്രശംസിച്ച് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു. ദീപക് ഇന്ത്യയുടെ ഹീറോയാണെന്നും അദ്ദേഹം മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുകയാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നും വെറുപ്പിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Content Highlights: Police have registered a case against Deepak, who stood against Bajrang Dal activists threatening a Muslim street vendor