ഷെയ്ഖ് മുഹമ്മദ് ഇന്ത്യയിലേക്ക്: 100 ബില്യൺ ഡോളർ ലക്ഷ്യ പൂർത്തീകരണം; നിർണ്ണായക ചർച്ചകളുണ്ടായേക്കും

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലേക്ക്

അബുദാബി: യുഎഇ പ്രസിഡന്റ് ഇന്ത്യയിലേക്ക്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതില്‍ യുഎഇ പ്രസിഡന്‍റിന്റെ സന്ദർശനം നിർണായകമാകുമെന്നാണ് പ്രതീക്ഷ.

2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്തം (CEPA) ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് കൂടുതല്‍ ഊർജ്ജം നല്‍കി. 2025-ലെ ആദ്യ പകുതിയിൽ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ-ഇതര വ്യാപാരം ഏകദേശം 37.6 ബില്യൺ ഡോളർ വരെ എത്തി. മുന്‍വർഷത്തെ അപേക്ഷിച്ച് 34% വർധനവാണ് രേഖപ്പെടുത്തിയത്. മികച്ച രീതിയിലുള്ള ഇടപെടുലുകളിലൂടെ 2030-ഓടെ നോൺ-ഓയിൽ വ്യാപാരം 100 ബില്യൺ ഡോളർ ആക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഇത് സംബന്ധിച്ച നിർണ്ണായക ചർച്ചകളുടം സന്ദർശനത്തിന്‍റെ ഭാഗമായി ഉണ്ടായേക്കും.

കരാറിന്‍റെ ഭാഗമായി ഉൽപ്പന്നങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ എഞ്ചിനീയറിങ്, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ് മേഖലകളിലെ കയറ്റുമതി വൻതോതിൽ വർധിച്ചു. അതേസമയം, ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ച്ചർ, ടെക്നോളജി, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ യുഎഇ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നുമുണ്ട്.

2000 മുതൽ ഇന്ത്യയിലേക്കുള്ള യുഎഇയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 22 ബില്യൺ ഡോളറിന് മുകളിലെത്തി. ഇതോടെ ഇന്ത്യയിലെ ഏഴാമത്തെ വലിയ നിക്ഷേപക രാജ്യമായി യുഎഇ മാറി. ഊർജ മേഖലയിൽ എണ്ണയും ദ്രാവക പ്രകൃതിവാതകവും (LNG) വിതരണം ചെയ്യുന്നതിലൂടെ യുഎഇ ഇന്ത്യയ്ക്ക് നിർണായക പങ്കാളിയാണ്. അടുത്തിടെ ആരംഭിച്ച രൂപ-ദിർഹം വ്യാപാര ഇടപാടുകളും യുഎഇയിൽ ഇന്ത്യൻ UPI ഡിജിറ്റൽ പേയ്മെന്റ് സംവിധാനം സംയോജിപ്പിച്ചതും യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.

പ്രതിരോധ-സുരക്ഷാ മേഖലകളിലും ഇന്ത്യ-യുഎഇ ബന്ധം ശക്തമാകുന്നുണ്ട്. ഇരുരാജ്യങ്ങളും പതിവായി സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തുകയും കടൽസുരക്ഷാ സഹകരണം ചർച്ച ചെയ്യുകയും ചെയ്യുന്നു. ഈ മാസം തുടക്കത്തിൽ ഇന്ത്യൻ സൈന്യ മേധാവി യുഎഇ സന്ദർശിച്ച് സൈനിക ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിച്ചിരുന്നു.

Content Highlights: UAE President Sheikh Mohammed is set to visit India for crucial bilateral talks focused on strengthening economic ties.

To advertise here,contact us