ന്യൂഡല്ഹി: രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര് ട്രെയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗുവാഹത്തി- കൊല്ക്കത്ത റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര് ട്രെയിന് സര്വീസ് നടത്തുക. 11- 3 ടയര് എസി കോച്ചുകള്, നാല് 2-ടയര് എസി കോച്ചുകള്, ഒരു ഫസ്റ്റ് എസി എന്നിങ്ങനെ 16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പര് ട്രെയിനുള്ളത്. ആകെ 823 യാത്രക്കാര്ക്ക് ഒരേ സമയം സഞ്ചരിക്കാനാകും. മികച്ച യാത്ര അനുഭവം കുറഞ്ഞ നിരക്കില് ദീര്ഘദൂര യാത്രക്കാര്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ അത്യാധുനിക സ്ലീപ്പര് ട്രെയിൻ പുറത്തിറക്കിയതിന് പിന്നിലുണ്ട്.
ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിന് ഹൗറ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6.20ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് കാമാഖ്യയിൽ എത്തും. 14 മണിക്കൂറിൽ യാത്ര പൂർത്തിയാക്കുന്ന ഈ ട്രെയിൻ ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനായിരിക്കും. യാത്ര സമയത്തില് ഏകദേശം 2.5 മണിക്കൂറാണ് യാത്രക്കാർക്ക് ലാഭിക്കാന് സാധിക്കുക.
ഹൗറയിൽ നിന്ന് കാമാഖ്യ (ഗുവാഹത്തി)യിലേക്ക് യാത്ര ചെയ്യുന്നവർക്ക് എസി–3 ടയർ കോച്ചിന്റെ ടിക്കറ്റിന്റെ നിരക്ക് ഏകദേശം 2299 ആയിരിക്കും. 5 ശതമാനം ജിഎസ്ടി ഒഴികേയുള്ള നിരക്കാണ് ഇത്. ഇതും കൂടി ചേരുമ്പോള് 2400 രൂപയോളമായിരിക്കും ടിക്കറ്റിന് നല്കേണ്ടത്. എസി–2 ടയർ വിഭാഗത്തിൽ ഹൗറ–ഗുവാഹത്തി 2970 രൂപയും ഫസ്റ്റ് എസി ടിക്കറ്റ് നിരക്ക് 3640 രൂപയുമായിരിക്കും.
മണിക്കൂറില് ഏകദേശം 180 കിലോമീറ്റര് വേഗതയില് പോകാൻ പ്രാപ്തിയുള്ള ട്രെയിനാണ് വന്ദേഭാരത്. കൂടാതെ യാത്രക്കാരുടെ അത്യാവശ്യ ചികിത്സയ്ക്കായി കവച്, എമര്ജന്സി ടോക്ക് ബാക്ക് എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാത്രികാല യാത്രകള് പരമാവധി വേഗത്തിലാക്കുക, യാത്രക്കാര്ക്ക് കൂടുതല് മികച്ച സൗകര്യങ്ങള് നല്കുക തുടങ്ങിയ ലക്ഷ്യങ്ങളും വന്ദേഭാരത് സ്ലീപ്പറിനുണ്ട്.
രാജധാനി എക്സ്പ്രസിനെക്കാള് വേഗതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന വന്ദേഭാരത് സ്ലീപ്പറിന് സീറ്റ് പങ്കുവെക്കുന്ന ആര്എസി സംവിധാനം ഇല്ല. കൂടാതെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള് ഉണ്ടാകില്ലെന്നും റെയില്വെ അറിയിച്ചിട്ടുണ്ട്. സീറ്റുകള് ഒഴിവില്ലെങ്കില് ടിക്കറ്റ് ഇഷ്യു ചെയ്യേണ്ടെന്നാണ് നിലവിലെ തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്ക്ക് കണ്ഫേംഡ് ടിക്കറ്റുകള് മാത്രമായിരിക്കും ലഭിക്കുക.
വന്ദേഭാരത് സ്ലീപ്പര് തേര്ഡ് എസി നിരക്ക് കിലോമീറ്ററിന് 2.4 രൂപയും സെക്കന്റ് എസി നിരക്ക് 3.1 രൂപയും ഫസ്റ്റ് എസി നിരക്ക് 3.8 രൂപയുമായിരിക്കും ഈടാക്കുക. 400 കിലോമീറ്റര് ദുരം വരെ മിനിമം ചാര്ജാണ്. തേര്ഡ് എസിയില് 960 രൂപ, സെക്കന്ഡ് എസിയില് 1240 രൂപ, ഫസ്റ്റ് എസിയില് 1520 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ആയിരം കിലോമീറ്റര് ദൂരത്തേക്ക് യഥാക്രമം 2,400 രൂപ, 3,100 രൂപ, 3800 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. രണ്ടായിരം കിലോമീറ്റര് ദൂരം യാത്ര ചെയ്യാന് യഥാക്രമം 4,800 രൂപ, 6,200 രൂപ, 7600 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
180 കിലോമീറ്റര് വേഗതയില് ഓടി പരീക്ഷണം പൂര്ത്തിയാക്കിയെങ്കിലും മണിക്കൂറില് പരമാവധി 160 കിലോമീറ്റര് വേഗതയിലായിരിക്കും വന്ദേഭാരത് ഓടുക. ചില സ്ഥലങ്ങളുടെ പ്രത്യേകയനുസരിച്ച് ഈ വേഗതയില് കുറവ് വരാനും സാധ്യതയുണ്ട്. യാത്രക്കാര്ക്ക് മികച്ച സൗകര്യങ്ങള് ഒരുക്കുന്നതിനൊപ്പം പ്രാദേശിക വിഭവങ്ങളും ഭക്ഷണമായി നല്കും. ഗുവാഹാട്ടിയില് നിന്നുള്ള യാത്രയില് ആസാമി വിഭവങ്ങളും കൊല്ക്കത്തയില് നിന്നുള്ള യാത്രയില് ബംഗാളി വിഭവങ്ങളുമാണ് യാത്രക്കാര്ക്ക് നല്കുക. മികച്ച കുഷ്യനുകളോടു കൂടിയ ബെര്ത്തുകള്, ഓട്ടോമാറ്റിക് ഡോറുകള്, ട്രെയിനിന്റെ സാധാരണ ഗതിയിലുള്ള ശബ്ദം കുറഞ്ഞ യാത്ര എന്നിവയും വന്ദേഭാരത് സ്ലീപ്പര് ട്രെയിനിന്റെ മറ്റ് പ്രത്യേകതകളാണ്.
രാത്രി യാത്ര ചെയ്ത് രാവിലെ ലക്ഷ്യസ്ഥാനത്ത് എത്താമെന്നത് വന്ദേഭാരത് സ്ലീപ്പറിന്റെ പ്രധാന ആകര്ഷണമാണ്. ദൂരെ സ്ഥലങ്ങളില് ജോലി ചെയ്യുകയും പഠിക്കുകയുമെല്ലാം ചെയ്യുന്ന ആളുകള്ക്ക് വന്ദേഭാരത് സ്ലീപ്പര് ട്രെയിന് വലിയ സഹായം ചെയ്യും. രാത്രിയില് ഉറങ്ങാന് കഴിയുന്ന തരത്തില് അരണ്ട വെളിച്ചം, പാസഞ്ചര് ഇന്ഫര്മേഷന് സിസ്റ്റം, സിസിടിവി, വികലാംഗര്ക്കും കുട്ടികള്ക്കുമുള്പ്പെടെ സുഖമമായി യാത്ര ചെയ്യാന് കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങള് എന്നിവയും വന്ദേഭാരത് സ്ലീപ്പര് ട്രെയിനുകളില് സജ്ജീകരിച്ചിട്ടുണ്ട്. വന്ദേഭാരത് സ്ലീപ്പറില് വിഐപി പരിഗണനകളോ എമര്ജന്സി ക്വാട്ടയോ ഉണ്ടായിരിക്കില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ഉന്നത റെയില്വെ ഉദ്യോഗസ്ഥര്ക്ക് പോലും പാസ് ഉപയോഗിച്ച് ഈ ട്രെയിനില് യാത്ര ചെയ്യാന് കഴിയില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.
Content Highlight; Vande Bharat Sleeper Train Launched: PM Modi Flags Off Howrah–Kamakhya Service; Fare, Schedule and Key Features