കൊല്ക്കത്ത: പശ്ചിമബംഗാളില് നിപ രോഗ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്സുമാര്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരുടെയും നില ഗുരുതരമാണ് എന്ന് റിപ്പോർട്ടുകള് പറയുന്നു. ആരോഗ്യപ്രവര്ത്തകര് ഉള്പ്പെടെ സമ്പര്ക്കപ്പട്ടികയില് 120 പേരാണ് ഉളളത്. സര്ക്കാര് സംസ്ഥാന തലത്തില് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഐസിഎംആറിന്റെ വൈറസ് റിസര്ച്ച് ആന്ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണ് നിപ കേസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. സ്ഥിതിഗതികള് സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമ്പര്ക്കമുണ്ടായവരെ കണ്ടെത്താന് നീക്കം സജീവമാണെന്നും കേന്ദ്ര മെഡിക്കല് സംഘം അറിയിച്ചു.
നിപ വൈറസ് ബാധയുളള വവ്വാലുകളില് നിന്നോ പന്നികളില് നിന്നോ ആണ് മനുഷ്യരിലേക്ക് പകരുക. മനുഷ്യരില് നിന്നും മനുഷ്യരിലേക്ക് വ്യക്തിഗത സുരക്ഷാമാര്ഗങ്ങള് സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതോടെ പകരുന്നു. വൈറസ് ബാധയുളള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്, മൂത്രം എന്നിവ കലര്ന്ന പാനീയങ്ങളും വവ്വാല് കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം പകരാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, മനംപിരട്ടല്, ഛര്ദി, ക്ഷീണം തുടങ്ങിയവാണ് നിപ രോഗലക്ഷണങ്ങള്. രോഗാണു ശരീരത്തില് പ്രവേശിച്ച് രോഗലക്ഷണങ്ങള് പ്രകടമാകാന് 4 മുതല് 21 ദിവസം വരെ വേണ്ടിവരും.
2018-ലാണ് കേരളത്തില് ആദ്യമായി നിപ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലായിരുന്നു നിപ സ്ഥിരീകരണം. പതിനേഴുപേരാണ് അന്ന് മരിച്ചത്. 2019 ജൂണില് കൊച്ചിയില് നിപ വൈറസ് റിപ്പോര്ട്ട് ചെയ്തിരുന്നു. 2021 സെപ്റ്റംബറിര് വീണ്ടും കോഴിക്കോട് രോഗബാധയുണ്ടായി. 2023 ഓഗസ്റ്റിലും സെപ്റ്റംബറിലും മലപ്പുറം ജില്ലയില് രോഗം റിപ്പോര്ട്ട് ചെയ്തിരുന്നു.
Content Highlights: Nipah in West Bengal; Two nurses confirmed infected, condition critical