ന്യൂഡല്ഹി: വിവാദങ്ങള്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നടന് ശിവകാര്ത്തികേയന്. ഡല്ഹിയില് നടന്ന പൊങ്കല് ആഘോഷത്തില് പങ്കെടുക്കാനെത്തിയപ്പോഴാണ് ശിവകാര്ത്തികേയന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രമന്ത്രി എല് മുരുകന്റെ വസതിയില്വെച്ചാണ് പൊങ്കല് ആഘോഷം നടന്നത്. ആഘോഷത്തില് ശിവകാര്ത്തികേയന്റെ കുടുംബവും നടന് രവി മോഹനും പങ്കെടുത്തിരുന്നു.
എല് മുരുകന്റെ വസതിയിലെത്തിയ പ്രധാനമന്ത്രി പൊങ്കല് ആഗോള ആഘോഷമാണെന്നും തമിഴ് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ഭാഷയാണെന്നും പറഞ്ഞു. തമിഴ്നാട്ടില് തെരഞ്ഞെടുപ്പ് നടക്കാന് മാസങ്ങള് ബാക്കിനില്ക്കെയാണ് മോദി പൊങ്കല് ആഘോഷത്തിനെത്തിയത്. പൂജകളില് പങ്കെടുക്കുകയും ചെയ്തു.
'എല്ലാവര്ക്കും പൊങ്കല് ആശംസകള്. പരാശക്തിയ്ക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി. ഞാന് വളരെ സന്തോഷവാനാണ്. പൊങ്കല് ഡല്ഹിയിലാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്' എന്നാണ് ശിവകാര്ത്തികേയന് പറഞ്ഞത്. വിജയ് ചിത്രം ജനനായകന് റിലീസിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ജനനായകന് എപ്പോള് റിലീസായാലും അതൊരു ആഘോഷമായിരിക്കും എന്നും താരം പറഞ്ഞു.
തിയറ്ററുകളില് പ്രദര്ശനം തുടരുന്ന ശിവകാര്ത്തികേയന് ചിത്രം പരാശക്തിക്കെതിരെ തമിഴ്നാട് യൂത്ത് കോണ്ഗ്രസ് രംഗത്തെത്തിയിരുന്നു. പരാശക്തി നിരോധിക്കണമെന്നാണ് യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടത്. ചിത്രത്തില് ചരിത്രപരമായ സംഭവങ്ങളെ വളച്ചൊടിക്കുകയാണ് എന്നും കോണ്ഗ്രസിനെയും തമിഴ് ഭാഷയെയും മോശമായി ചിത്രീകരിക്കുന്നുവെന്നുമാണ് ആരോപണം. 1960-കളിലെ വിദ്യാര്ത്ഥി പ്രക്ഷോഭങ്ങളെയും ഹിന്ദി വിരുദ്ധ സമരങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ചിത്രം ജനുവരി പത്തിനാണ് റിലീസായത്. സെന്സര് ബോര്ഡ് ഇരുപത്തി അഞ്ചോളം കട്ടുകള് നിര്ദേശിച്ച ശേഷമാണ് പ്രദര്ശനാനുമതി നല്കിയത്.
Content Highlights: Actor sivakarthikeyan meet pm narendra modi during pongal celebrations delhi