ഹിമാചൽപ്രദേശിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർക്ക് ദാരുണാന്ത്യം; നാൽപതോളം പേർക്ക് പരിക്ക്

അഞ്ഞൂറ് അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്

ഷിംല: ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേത്ത് മറിഞ്ഞ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ഞൂറ് അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അന്‍പത് പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടമുണ്ടായത്. ഷിംലയില്‍ നിന്ന് രാജ്ഗഡ് വഴി കുപ്‌വിയിലേക്ക് യാത്രക്കാരുമായി പോയതായിരുന്നു ബസ്. നഹനില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ ഹരിപുര്‍ധറില്‍വെച്ചായിരുന്നു അപകടമുണ്ടായത്.

ഉടന്‍ തന്നെ സന്‍ഗഡ് സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് സുനില്‍ കായത്ത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായതായി എസ്ഡിഎം പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു രംഗത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് സുഖ്‌വിന്ദര്‍ സിങ് സുഖു പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights- Nine killed and 40 others injured as private bus fall into a deep gorge in Himachal Pradesh

To advertise here,contact us