തൊഴിലുറപ്പ് പദ്ധതിയുടെ പേര്മാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(MGNREGA)നിര്‍ത്തലാക്കി പകരം വികാസ് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവക മിഷന്‍-ഗ്രാമീണ്‍ നിയമം നടപ്പിലാക്കിയതിനെതിരെ ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്നും ഇതിനെതിരെ പാര്‍ട്ടി ശക്തമായ പോരാട്ടം നയിക്കുമെന്നും അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ് തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് മല്ലികാർജുൻ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ഭരണഘടനാപരമായ തൊഴില്‍ അവകാശം ഉറപ്പാക്കുന്ന ഈ പദ്ധതിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുളള ഗൂഡാലോചനയെ ജനാധിപത്യപരമായി നേരിടുമെന്നും ഖര്‍ഗെ വ്യക്തമാക്കി.

''എംജിഎന്‍ആര്‍ഇജിഎ വെറുമൊരു പദ്ധതി മാത്രമല്ല. ലക്ഷക്കണക്കിനു ഗ്രാമീണ പൗരന്മാര്‍ക്കു സുരക്ഷയുടെ അടിത്തറ നല്‍കുകയും പഞ്ചായത്ത് സംവിധാനത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങള്‍ നല്‍കി അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ്. അതിന്റെ പേരുമാറ്റുന്നത് ഈ തത്വങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്''- രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlight : Renaming of the employment guarantee scheme; Congress prepares for nationwide protests from January 5

To advertise here,contact us