ഭൂവനേശ്വര്: ഒഡീഷയില് വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി സംഘപരിവാര് അനുകൂലികള്. ക്രിസ്മസിനോടനുബന്ധിച്ചുള്ള വഴിയോരക്കച്ചവടം നടത്തിയിരുന്ന രാജസ്ഥാന് സ്വദേശികളായ വഴിയോരക്കച്ചവടക്കാരെയാണ് ഒരു സംഘം സംഘപരിവാര് അനുകൂല പ്രവര്ത്തകര് എത്തി ഭീഷണിപ്പെടുത്തിയത്. ഇത് ഹിന്ദു രാജ്യമാണെന്നും ഇവിടെ ക്രിസ്ത്യന് സാധനങ്ങള് വില്ക്കാന് അനുവദിക്കില്ലെന്നും സംഘം ഭീഷണി മുഴക്കി. സംഭവത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.
സാന്റക്ലോസിന്റെ തൊപ്പിയും മറ്റും വില്ക്കുകയായിരുന്ന കച്ചവടക്കാര്ക്ക് നേരെയാണ് സംഘം പാഞ്ഞടുത്തത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ക്രിസ്ത്യന് വസ്തുക്കള് വില്ക്കാന് അനുവദില്ലെന്നും സംഘം ഭീഷണിപ്പെടുത്തി. നിങ്ങള് ഹിന്ദുക്കളാണോ എന്ന ചോദ്യവും ഇവര് ഉന്നയിക്കുന്നു. തങ്ങള് ഹിന്ദുക്കളാണെന്നും ജീവിക്കാന് മറ്റ് മാര്ഗങ്ങള് ഇല്ലാത്തതിനാലാണ് ക്രിസ്മസിനോടനുബന്ധിച്ചുള്ള വസ്തുക്കള് വില്ക്കാന് ഇറങ്ങിയതെന്നും കച്ചവടക്കാര്ക്കിടയില് നിന്ന് ഒരാള് മറുപടി പറഞ്ഞു. ഹിന്ദുക്കളായിരുന്നിട്ട് ഇങ്ങനെ ചെയ്യാന് എങ്ങനെ തോന്നിയെന്നായിരുന്നു സംഘപരിവാര് അനുകൂലികളുടെ മറു ചോദ്യം. ഇവിടെ വിൽപ്പന നടത്താൻ പറ്റില്ലെന്നും വേഗം സ്ഥലം വിടണമെന്നും സംഘം ആക്രോശിച്ചു. നിങ്ങള്ക്ക് കച്ചവടം നടത്തണമെങ്കിൽ ഹിന്ദുദൈവവുമായി ബന്ധപ്പെട്ട വസ്തുക്കള് മാത്രം വില്പ്പന നടത്തിയാല് മതിയെന്നും സംഘം പറഞ്ഞു.
തങ്ങള് രാജസ്ഥാനില് നിന്ന് വരുന്നതാണെന്ന് കച്ചവടക്കാര് പറഞ്ഞപ്പോള് ഒഡീഷയില് സാധനങ്ങള് വില്ക്കുന്നതില് തങ്ങള് എതിരല്ലെന്നും എന്നാല് ക്രിസ്ത്യന് വസ്തുക്കള് വില്ക്കാന് അനുവദിക്കില്ലെന്നും സംഘപരിവാര് അനുകൂല പ്രവര്ത്തകര് പറഞ്ഞു. സംഭവം വാര്ത്തയായതോടെ വിമര്ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. 'ഇതാണ് ബിജെപി ഭരിക്കുന്ന ഒഡീഷ' എന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്.
Content Highlights- Sangh parivar supporters threatened vendors from rajastan who sells christian items in odisha