ന്യൂഡല്ഹി: ട്രെയിന് യാത്ര ടിക്കറ്റ് നിരക്ക് വര്ധിപ്പിച്ച് ഇന്ത്യന് റെയില്വെ. പുതുക്കിയ നിരക്ക് ഡിസംബര് 26 മുതല് പ്രാബല്യത്തില് വരും. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് മാറ്റത്തിലൂടെ റെയിൽവെ പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയില് ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
പുതുക്കിയ നിരക്ക് അനുസരിച്ച് ഓര്ഡിനറി ക്ലാസില് 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്ക്ക് കിലോമീറ്ററിന് ഒരു പൈസ അധികമായി നല്കണം. മെയില്/എക്സ്പ്രസ് നോണ്-എസി, എസി ക്ലാസുകള്ക്ക് കിലോമീറ്ററിന് രണ്ട് പൈസ അധികമായി നല്കണം. 215 കിലോമീറ്ററില് താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാര്ക്ക് ടിക്കറ്റ് നിരക്കില് വര്ധനയില്ല.
അതേസമയം, 500 കിലോമീറ്റര് ദൂരമുള്ള നോണ്-എസി യാത്രക്കാര്ക്ക് 10 രൂപ അധികമായി നല്കണം. സബര്ബനിലെ നിരക്കും പ്രതിമാസ സീസണ് ടിക്കറ്റുകളുടെ നിരക്കും വര്ദ്ധിപ്പിക്കാത്തത് സ്ഥിരം യാത്രക്കാര്ക്ക് ആശ്വാസം നല്കും.
നിരക്ക് വര്ധനവ് ഇങ്ങനെ
-സബര്ബന് ട്രെയിൻ, പ്രതിമാസ സീസണ് ടിക്കറ്റ് നിരക്ക്- മാറ്റമില്ല
-215 കിലോമീറ്റര് വരെ ഓര്ഡിനറി ക്ലാസ്- മാറ്റമില്ല
-215 കിലോമീറ്ററില് കൂടുതല് ഓര്ഡിനറി ക്ലാസ്- കിലോമീറ്ററിന് 1 പൈസ
-മെയില്/എക്സ്പ്രസ് നോണ് എസി ക്ലാസ് -കിലോമീറ്ററിന് 2 പൈസ
-മെയില്/എക്സ്പ്രസ് എസി ക്ലാസ്- കിലോമീറ്ററിന് 2 പൈസ
-നോണ് എസി 500 കിലോമീറ്റര് യാത്ര- 10 രൂപ
അതേസമയം, ക്രിസ്മസിനും ന്യൂഇയറിനും പ്രത്യേക ട്രെയിനുകള് അനുവദിച്ചു. എട്ട് സോണുകളിലായി 244 ട്രിപ്പുകള് കൂടി ഉള്പ്പെടുത്തി പ്രത്യേക ട്രെയിനുകള് സര്വീസ് നടത്താന് ഇന്ത്യന് റെയില്വേ പദ്ധതിയിട്ടിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി, വരും ദിവസങ്ങളില് കൂടുതല് സര്വീസുകള് അനുവദിച്ചേക്കും.
Content Highlights: Indian Railways to hike ticket prices from Dec 26