ഹൈദരാബാദ്: 20 കോടി രൂപയുടെ സ്വർണനിക്ഷേപ തട്ടിപ്പിൽ രണ്ട് മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ കേസ്. ബിജെപി തെലങ്കാന സംസ്ഥാന എക്സിക്യൂടീവ് കമ്മിറ്റി അംഗം കൊസംപുടി രവീന്ദ്ര, ബിജെപി ഖമ്മം ജില്ലാ അധ്യക്ഷൻ നെല്ലുരു കോട്ടേശ്വര റാവു എന്നിവർക്കെതിരെയാണ് കേസ്. തട്ടിപ്പ് നടത്തിയ സിരി ഗോൾഡ് മെർച്ചന്റ്സ് എന്ന സ്ഥാപനത്തിൽ നിക്ഷേപം നടത്താൻ ജനങ്ങളെ ഇരുവരും ചേർന്ന് പ്രേരിപ്പിച്ചു എന്നതാണ് കേസിന് ആധാരം.
നിക്ഷേപകന്റെ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഉയർന്ന റിട്ടേൺ ഉറപ്പ് നൽകുന്ന കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു എന്നതാണ് പരാതി. 15,000 രൂപ മുതൽ ഉയർന്ന തുക വരെ ഇത്തരത്തിൽ സ്ഥാപനം തട്ടിയെടുത്തു. സ്വർണനിക്ഷേപം സുരക്ഷിതമാണ് എന്ന് സ്ഥാപിക്കുന്ന തരത്തിൽ നിരവധി പരസ്യങ്ങളാണ് കമ്പനി നൽകിയത്. തൊഴിൽരഹിതരായവർ തൊട്ട് വീട്ടമ്മമാരെ വരെ സ്ഥാപനം ലക്ഷ്യമിട്ടിരുന്നു. ഇവരെല്ലാം 5000 മുതൽ 50,000 വരെയാണ് ഓരോ ദിവസവും നിക്ഷേപിച്ചത്.
ഈ പണംകൊണ്ട് ജ്വല്ലറികൾ സ്ഥാപിക്കുമെന്നും, അതിൽനിന്നുള്ള ലാഭം വഴി പണം തിരിച്ചുനൽകും എന്നുമായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാൽ പറഞ്ഞ തുക ലഭിച്ചില്ല എന്ന് മാത്രമല്ല, ജ്വല്ലറികൾ സ്ഥാപിച്ചതുമില്ല. നൽകിയ പണം തിരിച്ചുചോദിച്ചപ്പോൾ കമ്പനി അധികൃതരിൽ നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല എന്നും പരാതിയിൽ പറയുന്നുണ്ട്.
Content Highlights: case againbst 2 bjp leaders for promoting company who cheated on gold investment