'ലക്ഷ്യം ഒരു രാജ്യം ഒരു ബിസിനസ്, എല്ലാ സംഭാവനയും തങ്ങൾക്ക്'; ബിജെപിക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

സംഭാവനകൾ ലഭിക്കാൻ വേറെ എങ്ങോട്ടും പോകേണ്ട എന്നതിനാലാണ് ബിജെപി 'ബിസിനസ് മോണോപോളി' സൃഷ്ടിക്കുന്നത് എന്ന് അഖിലേഷ് വിമർശിച്ചു

ന്യൂ ഡൽഹി: നിരോധനത്തിന് ശേഷവും ഇലക്ടറൽ ബോണ്ട് വഴി റെക്കോർഡ് സംഭാവനകൾ ലഭിച്ച ബിജെപിയെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 'ഒരു രാജ്യം, ഒരു ബിസിനസ്' എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും എല്ലാ ബിസിനസുകളെയും ചുരുക്കം ചിലരുടെ കൈകളിലേക്ക് ബിജെപി ചുരുക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. എക്സ്' പോസ്റ്റിലൂടെയായിരുന്നു അഖിലേഷിന്റെ വിമർശനം.

സംഭാവനകൾ ലഭിക്കാൻ വേറെ എങ്ങോട്ടും പോകേണ്ട എന്നതിനാലാണ് ബിജെപി 'ബിസിനസ് മോണോപോളി' സൃഷ്ടിക്കുന്നത് എന്ന് അഖിലേഷ് വിമർശിച്ചു. പണത്തിനോടുള്ള ആർത്തിയാണ് ബിജെപിക്ക് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ എല്ലാ ബിസിനസുകളെയും കുറച്ച് പേരിലേക്ക് ചുരുക്കുന്നത് രാജ്യത്തെ ദോഷകരമായി ബാധിക്കും. എല്ലാ നിയമങ്ങളും അവർക്ക് വേണ്ടി ബിജെപി മാറ്റിയെഴുതും. ഇത് ബാധിക്കുക കൂടുതൽ പണം നൽകേണ്ടിവരുന്ന ജനങ്ങളെയും സാധാരണക്കാരായ തൊഴിലാളികളെയാണ്. ഭൂരിപക്ഷം ജനങ്ങളും ചൂഷണത്തിനിരയാകും. രാജ്യം ബിജെപിയുടെ ഈ ഏകാധിപത്യ സ്വഭാവത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം എന്നും അഖിലേഷ് പറഞ്ഞു.

ഇലക്ടറൽ ബോണ്ട് നിരോധിച്ചിട്ടും ബിജെപിയുടെ സംഭാവനയിൽ റെക്കോർഡ് വർധനവാണുണ്ടായത്. വെള്ളിയാഴ്ച ബിജെപി സമര്‍പ്പിച്ച 2024-2025 വര്‍ഷത്തെ സംഭാവന റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മാത്രം 6,073 കോടി രൂപയാണ് പാര്‍ട്ടി കൈപ്പറ്റിയത്. 2023-24 വര്‍ഷത്തേക്കാള്‍ 53ശതമാനത്തിന്റെ വര്‍ധനയാണ് സംഭാവനയിലുണ്ടായത്. 2023-24ല്‍ 3,967 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. ഇതില്‍ 42 ശതമാനവും ഇലക്ടറല്‍ ബോണ്ട് വഴിയായിരുന്നു ബിജെപിക്ക് ലഭിച്ചത്.

റിപ്പോര്‍ട്ട് പ്രകാരം 3,112 കോടി രൂപ ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴിയാണ് ബിജെപിക്ക് ലഭിച്ചത്. വിവിധ സ്രോതസുകള്‍ പ്രകാരം ഇലക്ടറല്‍ ട്രസ്റ്റുകള്‍ സമാഹരിച്ചത് 3811 കോടി രൂപയാണ്. ഇതില്‍ നിന്നാണ് 3112 കോടി രൂപ ബിജെപിക്ക് മാത്രം ലഭിച്ചത്. മറ്റ് വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നുമാണ് ബാക്കിയുള്ള 2,961 കോടി രൂപ ലഭിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് (100 കോടി രൂപ), റുങ്ത സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് (95 കോടി രൂപ), വേദാന്ത ലിമിറ്റഡ് (67 കോടി രൂപ), മാക്രോടെക് ഡവലപ്പേര്‍സ് ലിമിറ്റഡ് (65 കോടി രൂപ), ഡിറൈവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് (53 കോടി രൂപ), മോഡേണ്‍ റോഡ് മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (52 കോടി രൂപ), ലോട്ടസ് ഹോംടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ് (51 കോടി രൂപ) എന്നിങ്ങനെയാണ് ബിജെപിക്ക് സംഭാവന നല്‍കിയ കമ്പനികള്‍.

സഫാല്‍ ഗോയല്‍ റിയാലിറ്റി എല്‍എല്‍പി, ഐടിസി ലിമിറ്റഡ്, ഗ്ലോബല്‍ ഇവി വെന്റേര്‍സ് എല്‍എല്‍പി, ഐടിസി ഇന്‍ഫോടെക് ഇന്ത്യാ ലിമിറ്റഡ്, ഹീറോ എന്റര്‍പ്രൈസസ് പാര്‍ട്ണര്‍ വെഞ്ച്വേഴ്‌സ്, മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡ്, സുരേഷ് അമൃത്‌ലാല്‍ കൊടക്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് തുടങ്ങിയ വന്‍കിട കമ്പനികളും ബിജെപിക്ക് സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചതും ഇക്കാലയളവിലാണ്.

20,000 രൂപ മുതല്‍ സംഭാവന നല്‍കിയ എല്ലാ വ്യക്തികളുടെയും വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചെക്ക്, ഡിഡി, ബാങ്ക് പണമിടപാട് വഴി കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന ചെയ്യാം. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുന്ന വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലും സംഭാവന റിപ്പോര്‍ട്ടിലും ഈ കണക്കുകള്‍ വ്യക്തമാക്കേണ്ടതുണ്ട്.

2017-2018 വര്‍ഷമാണ് സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ധാതാക്കളുടെ വിവരങ്ങള്‍ രഹസ്യമായി വെക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കണ്ടെത്തി സുപ്രീം കോടതി പദ്ധതി റദ്ദാക്കുകയായിരുന്നു. പദ്ധതിയുണ്ടായപ്പോള്‍ 16,000 കോടി രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും ബിജെപിക്കായിരുന്നു ലഭിച്ചത്.

ഇലക്ടറല്‍ ബോണ്ടിന് പകരം ട്രസ്റ്റുകളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച പണം മൂന്നിരട്ടി വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആകെ സംഭാവനയുടെ 80 ശതമാനവും ബിജെപിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഈ വര്‍ഷം ലഭിച്ചത് 299 കോടി രൂപയാണ് (എട്ട് ശതമാനം). മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി 400 കോടിയും ലഭിച്ചു.

Content Highlights: akhilesh yadav against bjp in electoral bond donations

To advertise here,contact us