ചെങ്കോട്ട സ്ഫോടനം: ജമ്മു കശ്മീരിൽ എട്ടിടങ്ങളിൽ പരിശോധന നടത്തി എൻഐഎ; ഡോ. ഷഹീൻ്റെ ലഖ്‌നൗവിലെ വസതിയിലും പരിശോധന

നിലവില്‍ കസ്റ്റഡിയിലുള്ളവരില്‍ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തി എന്‍ഐഎ. ജമ്മു കശ്മീരിലെ എട്ടിടങ്ങളിലാണ് പരിശോധന നടന്നത്. പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ അടക്കമുള്ള സ്ഥലങ്ങളിലെ പരിശോധനയില്‍ ജമ്മു കശ്മീർ പൊലീസും ഭാഗമായിരുന്നു. നിലവില്‍ കസ്റ്റഡിയിലുള്ളവരില്‍ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

നേരത്തേ അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന്റെ ലഖ്‌നൗവിലെ വസതിയിലും പരിശോധന നടന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന വനിതാ ഡോക്ടറാണ് ഷഹീന്‍ ഷാഹിദ്. ഷഹീൻ്റെ വസതിയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നതെന്നാണ് വിവരം. പരിശോധനയിൽ ഷാഹിന്റെ മുറിയില്‍ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തിയതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതിന്റെ ഉറവിടം അന്വേഷിക്കുന്നതായും എൻഐഎ പറയുന്നു.

മുന്‍പ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നവരുടെ വസതിയിലും പരിശോധന നടന്നു. ഉമര്‍ നബിക്ക് സഹായം ചെയ്ത ജാസിര്‍ ബിലാല്‍ വാണിയുടെ വീട്ടിലും പരിശോധന നടന്നു. ബിലാല്‍ വാണിയും ഉമര്‍ നബിയും ചേര്‍ന്ന് ഹമാസ് മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് എൻഐഎയുടെ വാദം.

നവംബര്‍ പത്തിന് വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. സ്ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം ഡൽഹി പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

Content Highlight; Red Fort incident; NIA searches in various parts of Jammu and Kashmir and at Shaheen Shahid's residence

To advertise here,contact us