മേദിനിനഗർ: ജാർഖണ്ഡിൽ ഭാര്യയെ ഭർത്താവ് നിലത്തടിച്ച് കൊലപ്പെടുത്തി. ശിൽപി ദേവി(22)യെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവായ ഉപേന്ദ്ര പർഹിയയെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ശിൽപി മദ്യപിച്ച് വീട്ടിലെത്തിയതോടെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വീട്ടിൽ മദ്യലഹരിയിലായിരുന്ന ഉപേന്ദ്ര മദ്യപിച്ച് വീട്ടിലെത്തിയ ശില്പിയെ ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവുകയുമായിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ ഉപേന്ദ്ര ശിൽപിയെ മർദ്ദിക്കുകയും നിലത്തടിക്കുകയായിരുന്നു. ശിൽപി ദേവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. മൂന്ന് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു കുഞ്ഞുണ്ട്.
Content Highlight : Wife came home drunk; Drunk husband beats wife to death in Jharkhand