ന്യൂഡല്ഹി: ഡല്ഹി സ്ഫോടനക്കേസില് മുഖ്യപ്രതി ഡോ ഉമര് ഉന് നബിക്ക് സഹായം ചെയ്ത ഫരീദാബാദ് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്സി ഹരിയാനയിൽ അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ ദോജ് നിവാസി സോയബിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡല്ഹി ഭീകര ബോംബ് സ്ഫോടനത്തിന് മുമ്പ് എല്ലാത്തരം സഹായവും ഉമറിന് ചെയ്ത് നല്കിയത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. വൈറ്റ് കോളര് ഭീകരതയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില് NIA അറസ്റ്റ് ചെയ്ത ഏഴാമത്തെ പ്രതിയാണ് ഇയാള്.
'നവംബര് 10ന് ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് പുറത്ത് നടന്ന നിരവധി പേര് കൊല്ലപ്പെട്ട കാര് ബോംബ് സ്ഫോടനത്തിന് മുമ്പായി ഭീകരന് ഉമറിന് എല്ലാ സഹായവും നല്കിയത് ഇയാളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്' എന്നാണ് NIA വക്താവ് വ്യക്തമാക്കിയത്. സംഭവുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങളില് ഏര്പ്പെട്ട എല്ലാവർക്കുമായി അന്വേഷണം വ്യാപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
ആരാണ് സോയബ്?
ഫരീദാബാദിലെ അല്ഫലാഹ് സര്വകലാശാലയില് ലാബ് അസിസ്റ്റന്റായി പ്രവര്ത്തിക്കുകയായിരുന്നു സോയബ്. ഇയാള് ലാബില് നിന്നും രാസവസ്തുക്കള് ഉമറിന് നല്കിയ സഹായിച്ചിരുന്നു. സ്ഫോടനത്തിന് മുമ്പ് ഇയാള് ഹരിയാനയിലെ നൂഹിലുള്ള ഹിദായത്ത് കോളനിയില് സഹോദര ഭാര്യയുടെ വീട്ടില് ഉമറിന് വാടകയ്ക്ക് താമസിക്കാന് സൗകര്യം ഒരുക്കിയിരുന്നു. ഇവിടെയാണ് ഉമര് തന്റെ ഒളിത്താവളമാക്കിയിരുന്നത്. മാത്രമല്ല സ്ഫോടക വസ്തുക്കള് ഉമർ സൂക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു. ഈ വീട്ടില് നിന്നാണ് ഉമര് ഫിറോസ്പൂരിലെ ജിര്ക്കയിലേക്ക് ഒരു ഐ20 കാറില് യാത്ര ചെയ്തത്. ഇവിടെ നിന്നും ഇയാള് എടിഎം വഴി പണം പിന്വലിച്ചിരുന്നു. തുടര്ന്ന് മുംബൈ എക്സ്പ്രസ് വേയിലൂടെ ബദാര്പൂര് വഴി ഡല്ഹിയിലെത്തി. പിന്നീട് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തി.
നവംബര് 16ന് ഹരിയാന സെപ്ഷ്യല് ടാസ്ക് ഫോഴ്സ് ഉമറിന്റെ വാടകവീട്ടിലെത്തി സീല് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില് സോയബിനെ ചോദ്യം ചെയ്ത് വരികയാണ് NIA. തുടര്ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.Content Highlights: NIA confirmed 7th arrest in Red fort incident at Delhi