ഡൽഹിയിലെ വായു മലിനീകരണത്തിന് എതിരായ സമരം: 22 പേർ അറസ്റ്റിൽ;പ്രതിഷേധക്കാർ പെപ്പർ സ്‌പ്രേ പ്രയോഗിച്ചെന്ന് പൊലീസ്

കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‌വി ഹിദ്മയെ പുകഴ്ത്തിയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു

ഡല്‍ഹി: ഇന്ത്യാ ഗേറ്റിന് മുന്നില്‍ വായുമലിനീകരണത്തിന് എതിരെ നടന്ന പ്രതിഷേധത്തില്‍ 22 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‌വി ഹിദ്മയെ പുകഴ്ത്തിയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.

ഡല്‍ഹിയിലെ വായു മലിനീകരണം ഇല്ലാതാക്കാന്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആംബുലന്‍സുകള്‍ക്ക് വേണ്ടി വഴിയൊരുക്കാന്‍ നിരവധി തവണ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടും മാറിയില്ലെന്ന് പൊലീസ് ആരോപിക്കുന്നു. ഒടുവില്‍ സംഘര്‍ഷമുണ്ടായെന്നും ഇതിനിടയിലാണ് പ്രതിഷേധക്കാര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതെന്നും ഡിസിപി ദാവേഷ് മഹ്ല പറഞ്ഞു.

സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത്തരം പ്രതിഷേധങ്ങളില്‍ പെപ്പര്‍ സ്േ്രപ പ്രയോഗിക്കുന്നത് സാധാരണ രീതിയല്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. സര്‍ക്കാര്‍ ജോലി തടസപ്പെടുത്തി, റോഡ് ഗതാഗതം തടസ്സപ്പെടുത്തി, പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിഷേധത്തിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്നിവ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് മോശമായി പെരുമാറിയെന്നും ഫോണ്‍ പിടിച്ചുവെച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഡല്‍ഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ എന്ന സംഘടനയിലെ അംഗങ്ങളും നിരവധി വിദ്യാര്‍ത്ഥി സംഘടനയിലെ അംഗങ്ങളുമാണ് പ്രതിഷേധം നയിച്ചത്.

Content Highlights: 22 arrested in protest against air pollution at Delhi

To advertise here,contact us