മുംബൈ: ജൂണ് 30-ന് ആ കുഞ്ഞ് ഈ ലോകത്തേക്ക് പിറന്ന് വീഴുമ്പോള് വെറും 25 ആഴ്ചമാത്രമായിരുന്നു പ്രായം. വലിപ്പമാകട്ടെ ഒരു ആപ്പിളിന്റെയത്രയും. ഭാരം വെറും 350 ഗ്രാം മാത്രം! മുംബൈയിലെ മലാഡ് സ്വദേശികളായ ദമ്പതികള്ക്കാണ് മാസം തികയുന്നതിനു മുമ്പ് പെണ്കുഞ്ഞ് ജനിച്ചത്.
സാന്താക്രൂസിലെ സൂര്യ ആശുപത്രിയില് വെച്ചാണ് കുഞ്ഞ് ജനിച്ചത്. ഇതോടെ ഇന്ത്യയില് ഇതുവരെ ജീവിച്ചിരിക്കുന്നതില് വെച്ച് ഏറ്റവും ചെറിയ കുഞ്ഞായി ആ പെണ്കുഞ്ഞ് മാറി. 'അവളുടെ ഭാരം ഒരു ആപ്പിളിനോളമായിരുന്നു, മുതിര്ന്ന ഒരാളുടെ കൈപ്പത്തിയേക്കാള് ചെറുതായിരുന്നു,' ഡോ. നന്ദ്കിഷോര് കബ്ര പറഞ്ഞു.
മിനിറ്റുകള്ക്കുള്ളില് കുഞ്ഞിനെ ഇന്ക്യുബേറ്ററിലേക്ക് മാറ്റുകയും ചെയ്യുകയും ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനായി സര്ഫാക്റ്റന്റ് തെറാപ്പി നല്കുകയും ചെയ്തു. പൂര്ണ വളര്ച്ചയെത്താതെ പ്രസവിക്കുന്ന നവജാത ശിശുക്കളില് 60 ശതമാനം പേരെയും ചികിത്സകളിലൂടെ രക്ഷിക്കാന് സാധിക്കുമെങ്കിലും ഈ കുഞ്ഞിന്റെ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നുവെന്നാണ് ഡോക്ടര്മാര് പറയുന്നത്.
350 ഗ്രാമുള്ള കുഞ്ഞിനെ 'നാനോ പ്രീമീ' എന്നാണ് ഡോക്ടര്മാര് വിശേഷിപ്പിക്കുന്നത്. ശ്വസന സംബന്ധയായ തകരാറുകള്, ബ്രോങ്കോ പള്മണറി ഡിസ്പ്ലാസിയ, വെന്റിലേറ്റര് അസോസിയേറ്റഡ് ന്യൂമോണിയ, സൈറ്റോമെഗാലോ വൈറസ് ഇന്ഫെക്ഷന്, റെറ്റിനോപതി, അനീമിയ എന്നിങ്ങനെ നിരവധി രോഗങ്ങളെ അതിജീവിച്ച നവജാത ശിശു ഒടുവില് ആശുപത്രിവിട്ടു. ആശുപത്രി വിടുന്ന സമയത്ത് 1.8 കിലോ ഭാരവും 41.5 സെന്റി മീറ്റര് നീളവും തലയുടെ വലിപ്പം 29 സെന്റിമീറ്ററുമുണ്ട്.
പിറന്നുവീണതിനേക്കാള് അഞ്ച് മടങ്ങ് ഭാരമാണ് കുഞ്ഞിന് 124 ദിവസം നീണ്ട ചികിത്സയില് കൂടിയത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും 25-ാം ആഴ്ചയിലാണ് ജനിച്ചത്. ആണ്കുഞ്ഞിന് നിലവില് നാലുവയസാണ് പ്രായം. ജനിക്കുമ്പോള് ഈ കുഞ്ഞിന് 550 ഗ്രാമായിരുന്നു ഭാരം.
Content Highlights: How India’s tiniest infant battled to survive for 124 days