വഴങ്ങി നിതീഷ്; ആഭ്യന്തരമടക്കം പ്രബല വകുപ്പുകൾ ബിജെപിക്ക്; ബിഹാറില്‍ പവര്‍ ചേഞ്ച്

ജെഡിയുവിന് ഒന്‍പത് മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിരിക്കുന്നത്

പട്‌ന: ബിഹാറില്‍ മന്ത്രിസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആഭ്യന്തര വകുപ്പ് അടക്കം പതിനാല് മന്ത്രിസ്ഥാനങ്ങള്‍ ബിജെപിക്കാണ്. നേരത്തേ നിതീഷ് കുമാറായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ അത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയാണ് കൈകാര്യം ചെയ്യുക. ജെഡിയുവിന് ഒന്‍പത് മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിരിക്കുന്നത്. 89 സീറ്റുകള്‍ നേടി മുന്നണിയില്‍ പ്രബല സ്ഥാനം നേടിയ ബിജെപിക്ക് നിതീഷ് കുമാര്‍ അക്ഷരാര്‍ത്ഥത്തില്‍ വഴങ്ങുകയായിരുന്നു.

ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്ക്ക് രണ്ട് വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഖനന-ഭൂഗര്‍ഭ ശാസ്ത്ര വകുപ്പിന്റെയും ഭൂപരിഷ്‌കരണ-റവന്യൂ വകുപ്പിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. മംഗള്‍ പാണ്ഡെയ്ക്കാണ് ആരോഗ്യ, നിയമ വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പ് ദിലീപ് ജയ്‌സ്വാളും റോഡ് നിര്‍മാണം, നഗരവികസനം, ഭവന നിര്‍മാണം തുടങ്ങിയ വകുപ്പുകള്‍ നിതിന്‍ നബിനും കൈകാര്യം ചെയ്യും. രാംകൃപാല്‍ യാദവിനാണ് കൃഷി വകുപ്പ് നല്‍കിയിരിക്കുന്നത്. സഞ്ജയ് ടൈഗറായിരിക്കും തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

മറ്റ് വകുപ്പുകള്‍

കല, സാംസ്‌കാരിക, യുവജനകാര്യം ഒപ്പം ടൂറിസവും- അരുണ്‍ ശങ്കര്‍ പ്രസാദ്

മൃഗ-മത്സ്യ വിഭവ വകുപ്പ്- സുരേന്ദ്ര മേത്ത

ദുരന്ത നിവാരണം- നാരായണ്‍ പ്രസാദ്

പിന്നാക്ക, അതിപിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ്- രാമ നിഷാദ്

പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ്- ഖേദര്‍ പസ്വാന്‍

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കായിക വകുപ്പ്-ശ്രേയസി സിംഗ്

സഹകരണ, പരിസ്ഥിതി, വനം-കാവാലസ്ഥാ വ്യതിയാന വകുപ്പ്- പ്രമോദ് ചന്ദ്രവംശി

ഇക്കഴിഞ്ഞ പതിനാലിനായിരുന്നു ബിഹാറില്‍ വോട്ടെണ്ണല്‍ നടന്നത്. 89 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 85 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയു നേടിയത്. ആര്‍ജെഡി 25 സീറ്റുകളിലും കോണ്‍ഗ്രസ് ആറ് സീറ്റുകളിലും ഒതുങ്ങിയിരുന്നു.

Content Highlights- Bjp get home mistry and other 14 departments in bihar

To advertise here,contact us