അന്‍മോല്‍ ബിഷ്‌ണോയിയെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണം: ബാബാ സിദ്ദിഖിയുടെ മകൻ

അൻമോൽ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ടെന്നും സീഷന്‍ സിദ്ദിഖി പറഞ്ഞു

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി. തന്റെ പിതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് അറിയണമെന്നും അന്‍മോല്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നിയമസംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ടെന്നും സീഷന്‍ പറഞ്ഞു. എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ധിഖിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അന്‍മോല്‍ സിദ്ദിഖി.

'മാസങ്ങളായി അന്‍മോലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. അന്‍മോല്‍ ബിഷ്‌ണോയെ നാടുകടത്തിയെന്ന മെയില്‍ വന്നു. ഉടന്‍ തന്നെ ഞാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും അധികൃതരെയും വിവരമറിയിച്ചു. അവനെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്‍മോല്‍ ബിഷ്‌ണോയിയും എന്റെ പിതാവും തമ്മില്‍ ഒരു ബന്ധവുമില്ല. അതുകൊണ്ട് ഈ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് കണ്ടെത്തണം. അവന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ട്': സീഷന്‍ സിദ്ദിഖി പറഞ്ഞു.

ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനും ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുളള കുറ്റവാളികളില്‍ ഒരാളുമാണ് അന്‍മോല്‍ ബിഷ്‌ണോയ്. ഇയാളെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് അന്‍മോല്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അന്‍മോല്‍ ബിഷ്‌ണോയിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതായി അറിയിച്ചുകൊണ്ടുളള ഇമെയില്‍ സ്‌ക്രീന്‍ഷോട്ട് സീഷന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

ബാബ സിദ്ദിഖിയെ 2024 ഒക്ടോബര്‍ 12-ന് മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ സീഷന്റെ ഓഫീസ് കെട്ടിടത്തിന് പുറത്തുവെച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നിരവധി ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്നാണ് അന്‍മോലിന്റെ പങ്ക് സംബന്ധിച്ച വിവരം ലഭിച്ചത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും അന്‍മോല്‍ ബിഷ്‌ണോയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടന്ന ഇയാളെ കഴിഞ്ഞ നവംബറില്‍ യുഎസില്‍വെച്ച് പിടികൂടുകയായിരുന്നു. അന്‍മോലിനെ ഇന്ത്യയിലെത്തിക്കുന്നതോടെ ബിഷ്‌ണോയ് സംഘത്തിന്റെ ആഗോള പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള നിര്‍ണായക വിശദാംശങ്ങള്‍ തുറന്നുകാട്ടപ്പെടുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Anmol Bishnoi should be brought to Mumbai for questioning: Baba Siddiqui's son

To advertise here,contact us