കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അല്‍ഫലാ സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്ത് ഇ ഡി

അല്‍ഫലാ സര്‍വകലാശാലയുമായി ബന്ധപ്പെട്ട 25 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു

ഫരീദാബാദ്: ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ അല്‍ഫലാ സര്‍വകലാശാലയില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അല്‍ഫലാ സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി അറസ്റ്റ് ചെയ്തു. അല്‍ഫലാ സര്‍വകലാശായുമായി ബന്ധപ്പെട്ട 25 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയര്‍മാന്‍ ജാവേദിനെ അറസ്റ്റ് ചെയ്തത്.

ചെങ്കോട്ട സ്‌ഫോടനത്തിന് ശേഷമാണ് അല്‍ഫലാ സര്‍വകലാശാല വിവാദത്തില്‍പ്പെട്ടത്. ചെങ്കോട്ട സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് എന്‍ഐഎ വിലയിരുത്തുന്ന ഉമര്‍ നബി ജോലി ചെയ്തിരുന്നത് അല്‍ഫലാ സര്‍വകലാശാലയിലാണ്. ഇതിന് പുറമേ അല്‍ഫലയിലെ മൂന്ന് ഡോക്ടര്‍മാരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അല്‍ഫലയിലെ ലാബ് ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെ എഴുപതോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സര്‍വകലാശാലയിലെ ഡോക്ടര്‍മാരുടെ ടെലിഗ്രാം ഗ്രൂപ്പിലെ വിശദാംശങ്ങളും എൻഐഎ പരിശോധിച്ചിരുന്നു. എൻഐഎയ്ക്ക് പുറമേയാണ് ഇ ഡി അന്വേഷണം.

അല്‍ഫലാ ചാരിറ്റിബിള്‍ ട്രസ്റ്റിന് കീഴില്‍ 1997ല്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് പിന്നീട് അല്‍ഫലാ യൂണിവേഴ്‌സിറ്റിയാക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിന് പുറമേ എന്‍ജിനീയറിംഗ്, ബിഎഡ്, എംഡ് കോളേജുകളും ഇവര്‍ക്കുണ്ട്.

നവംബര്‍ പത്തിന് വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. സ്ഫോടനത്തില്‍ ഇതുവരെ പതിനാല് പേരാണ് മരിച്ചത്.

Content Highlights- Al-Falah university founder Jawad Ahmad Siddiqui arrested in money laundering case

To advertise here,contact us