രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ചിരുന്നുവെങ്കിൽ തങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു; മോഹൻ ഭാഗവത്

'ആർഎസ്എസ് ഭരണഘടനാവിരുദ്ധമായ സംഘടനയല്ല, രജിസ്റ്റർ ചെയ്യേണ്ടതില്ല. ഹിന്ദു ധർമ്മം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ?'

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നുവെങ്കിൽ തങ്ങൾ അവർക്ക് വോട്ട് ചെയ്യുമായിരുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസ് പിന്തുണക്കുന്നത് നയങ്ങളെയാണെന്നും വ്യക്തികളെയോ രാഷ്ട്രീയ പാർട്ടികളെയോ അല്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

' ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കുന്നവരല്ല. ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പങ്കെടുക്കുന്നവരല്ല. സമൂഹത്തിന്റെ ഐക്യത്തിനായാണ് സംഘ് പ്രവർത്തിക്കുന്നത്. ഞങ്ങൾ നയങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ഉദാഹരണത്തിന്, അയോധ്യയിൽ രാമക്ഷേത്രം വേണമെന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു. അതിനാൽ ഞങ്ങളുടെ സ്വയംസേവകർ അതിന്റെ നിർമാണത്തിനായി നിലകൊണ്ടു. ബിജെപിയാണ് അതിനായി ഞങ്ങൾക്കൊപ്പം നിന്നത്. ഒരുപക്ഷെ ഈ ആവശ്യത്തിനായി കോൺഗ്രസ് ഞങ്ങളെ പിന്തുണച്ചിരുന്നുവെങ്കിൽ ഞങ്ങളുടെ സ്വയം സേവകർ കോൺഗ്രസിന് വോട്ട് ചെയ്‌തേനെ' എന്നാണ് ഭാഗവത് പറഞ്ഞത്.

മുസ്‌ലിംകളെ ആർഎസ്എസിന്റെ ഭാഗമാക്കുമോ എന്ന ചോദ്യത്തിനും മോഹൻ ഭാഗവത് പ്രതികരിച്ചു. ആർക്കുവേണമെങ്കിലും ആർഎസ്എസിന്റെ ഭാഗമാകാം. മുസ്‌ലിം, ക്രിസ്ത്യൻ, ബ്രാഹ്‌മണന്‍ എന്നില്ല. അത്തരം വേർതിരിവുകളെ പുറത്തുവെച്ച് ആർക്കുവേണമെങ്കിലും സംഘിന്റെ ഭാഗമാകാം. ശാഖയിൽ നിങ്ങൾ ഭാരതാംബയുടെ മക്കളായാണ് എത്തുന്നത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ശാഖയിലെത്തുന്നുണ്ട്. എന്നാൽ തങ്ങൾ അവരുടെ എണ്ണം തിട്ടപ്പെടുത്താറില്ല, അവർ ആരാണെന്നുപോലും ചോദിക്കാറില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ആർഎസ്എസ് രജിസ്റ്റർ ചെയ്ത സംഘടനയല്ലെന്ന വിമർശനത്തെ കുറിച്ചും മോഹൻ ഭാഗവത് പ്രതികരിക്കുകയുണ്ടായി. ആർഎസ്എസ് ഭരണഘടനാവിരുദ്ധമായ സംഘടനയല്ല, അതിനാൽ തന്നെ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഹിന്ദു ധർമ്മം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ. സർക്കാരുകൾ മൂന്ന് തവണ ആർഎസ്എസിനെ നിരോധിച്ചിട്ടുണ്ട്. ആ സമയങ്ങളിലെല്ലാം കോടതി നിരോധനം നീക്കുകയായിരുന്നു. 1925 ലാണ് സംഘ് ആരംഭിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിന് കീഴിൽ ഞങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന് കരുതുന്നുണ്ടോ?. സ്വാതന്ത്ര്യാനന്തരം, രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന നിയമങ്ങളില്ലായിരുന്നു. പല തവണ നിയമസഭയിലും പാർലമെന്റിലും ആർഎസ്എസിനെ എതിർത്തും അനുകൂലിച്ചും പല ചർച്ചകളുണ്ടായി. എന്നാൽ എതിർക്കുമ്പോഴെല്ലാം തങ്ങൾ ശക്തരാകുകയായിരുന്നു. ഈ ചോദ്യം പലപ്പോഴായി കേൾക്കുകയും അതിന് പല തവണ മറുപടി നൽകുകയും ചെയ്തിട്ടുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.

രാജ്യത്തിന്റെ ത്രിവർണ്ണ പതാകയെ ആർഎസ്എസ് സ്വീകരിച്ചിട്ടില്ലെന്ന കോൺഗ്രസ് ആരോപണത്തെ കുറിച്ചും മോഹൻ ഭാഗവത് പ്രതികരിച്ചു. 'സംഘ് കാവിക്കൊടി സ്വീകരിക്കുന്നത് 1925 ലാണ്. എന്നാൽ ദേശീയ പതാക തീരുമാനിക്കുന്നത് 1933 ലാണ്. പതാക തീരുമാനിക്കുന്നതിനുള്ള കമ്മിറ്റി ഏകകണ്ഠമായി പരമ്പരാഗതമായ ( കാവിനിറത്തിലുള്ള ) കൊടിയാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഗാന്ധിജി ഇടപെട്ട് എന്തൊക്കെയോ കാരണങ്ങളാൽ മൂന്ന് നിറത്തിലുള്ള പതാകയാക്കാൻ പറഞ്ഞു. സംഘ് എന്നും ത്രിവർണ്ണ പതാകയെ ബഹുമാനിച്ചിട്ടുണ്ട്' മോഹൻ ഭാഗവത് പറഞ്ഞു.

Content Highlights: When Congress supports the demand for Ram Temple in Ayodhya our swayamsevaks would voted for the party says Mohan Bhagwat

To advertise here,contact us