ബിഹാറിൽ NDAയ്ക്ക് തിരിച്ചടി; എൽജെപി നേതാവ് സീമ സിംഗിന്റെ നാമനിർദേശപത്രിക തള്ളി, രേഖകളില്‍ പൊരുത്തക്കേട്

പത്രിക തള്ളിയതോടെ മണ്ഡലത്തെകുറിച്ച് എൻഡിഎയിൽ ആശങ്ക

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി പടയൊരുക്കം നടത്തുന്ന എൻഡിഎ സഖ്യത്തിന് തിരിച്ചടി. ലോക് ജൻ ശക്തി പാർട്ടി( റാം വിലാസ്) സ്ഥാനാർത്ഥി സീമ സിംഗിന്റെ നാമനിർദേശപത്രിക തള്ളി. മാർഹൗറയിൽനിന്നുള്ള സ്ഥാനാർത്ഥിയായിരുന്നു സീമ.

നാമനിർദേശപത്രികയിലെ രേഖകളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ പത്രിക തള്ളിയതായാണ് വിവരം. ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജൻ ശക്തിപാർട്ടിയിലെ സുപ്രധാന സ്ഥാനാർത്ഥിയായിരുന്നു സീമ സിംഗ്.സാങ്കേതിക വിഷയങ്ങളും രേഖകളിലെ പൊരുത്തക്കേടുകളും കാരണം സീമ സിംഗിന്റേതുൾപ്പടെ നാല് നാമനിർദേശ പത്രികകൾ തള്ളി. സ്വതന്ത്ര സ്ഥാനാർത്ഥികളായ അൽത്താഫ് ആലം രാജു, വിശാൽ കുമാർ, ബിഎസ്പിയുടെ ആദിത്യ കുമാർ എന്നിവരുടെ നാമനിർദേശ പത്രികകളുമാണ് തള്ളിയത്.

പത്രിക തള്ളിയതോടെ മണ്ഡലത്തെകുറിച്ച് എൻഡിഎയിൽ ആശങ്ക ഉയർന്നു. പ്രമുഖ ഭോജ്പുരി അഭിനേത്രിയും നർത്തകിയുമായ സീമ, എൻഡിഎ സഖ്യം വിജയപ്രതീക്ഷവെച്ച നേതാവായിരുന്നു. ലോക് ജൻ ശക്തി പാർട്ടിയിലൂടെ 2023ൽ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച സീമ, ഒമ്പതാം ക്ലാസ് വിജയമാണ് തന്റെ വിദ്യാഭ്യാസ യോഗ്യത എന്ന് സത്യവാങ്മൂലത്തിൽ നൽകിയത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.

ധാരണപ്രകാരം ലഭിച്ച 101 വീതം സീറ്റുകളിലാണ് ബിജെപിയും ജെഡിയുവും മത്സരിക്കുന്നത്. ലോക് ജൻ ശക്തി പാർട്ടി(റാം വിലാസ്) 29 സീറ്റിലാണ് മത്സരിക്കുന്നത്. ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവ അവർക്കു ലഭിച്ച 6 വീതം സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നവംബർ ആറ്, 11 തീയതികളിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14നാണ് ഫലം പുറത്തുവരിക.

Content Highlights: Bihar election setback to nda as ljp candidate seema singh's nominations rejected

To advertise here,contact us