ന്യൂഡൽഹി: ആര്എസ്എസ് കാര്യാലയത്തില് നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് തുറന്നെഴുതി യുവാവ് ജീവനൊടുക്കിയ സംഭവം ദേശീയ തലത്തില് ചര്ച്ചയാക്കാന് കോണ്ഗ്രസ്. യുവാവിന്റെ മരണത്തിന്റെ യാഥാര്ത്ഥ്യം തുറന്നുകാട്ടുമെന്ന് കോണ്ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു. ആര്എസ്എസ് എന്താണ് കുട്ടികളോട് കാണിക്കുന്നതെന്നാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നതെന്നും കോട്ടയത്തെ യുവാവിന്റെ വിഷയം മാത്രമല്ല നിരവധി കുട്ടികള്ക്ക് സമാന അനുഭവമുണ്ടെന്നും പവന് ഖേര ആരോപിച്ചു.
'എഫ്ഐആറില് ആര്എസ്എസിന്റെ പേരില്ല. കേരള സര്ക്കാര് ആര്എസ്എസിനെ ഭയപ്പെടുന്നുണ്ടോ? പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. എന്തുകൊണ്ട് എല്ലാത്തിലും പ്രതികരിക്കുന്ന മോഹന് ഭഗവത് മൗനം പാലിക്കുന്നു' പവന് ഖേര ചോദിച്ചു.
കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണെന്ന് ഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. വയനാട്ടില് ഒരു കോണ്ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള് പുറകെ പോയ പൊലീസാണ്. ഇവിടെ അതൊന്നും കാണുന്നില്ല. കേരള പൊലീസും ആര്എസ്എസും വിഷയത്തില് മറുപടി പറയണമെന്നും കെ സി വേണുഗോപാല് പറഞ്ഞിരുന്നു.
ആര്എസ്എസ് ശാഖയില്വെച്ച് നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ചായിരുന്നു കോട്ടയം തമ്പലക്കാട് സ്വദേശി ജീവനൊടുക്കിയത്. ആര്എസ്എസ് ശാഖയില് നിന്നും പ്രവര്ത്തകരില് നിന്നും നേരിടേണ്ടിവന്ന ക്രൂരതകള് മരണമൊഴിയായി ഇന്സ്റ്റഗ്രാമിലൂടെ എഴുതി ഷെഡ്യൂള് ചെയ്ത് പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. നാലുവയസുളളപ്പോള് തന്നെ ആര്എസ്എസുകാരനായ ഒരാള് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്എസ്എസ് എന്ന സംഘടനയിലെ പലരില് നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്സ്റ്റഗ്രാം പോസ്റ്റില് പറഞ്ഞിരുന്നു.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള് മൂലം ഒസിഡി (ഒബ്സസീവ് കംപള്സീവ് ഡിസോര്ഡര്) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് കുറിപ്പില് ആരോപിക്കുന്നുണ്ട്. തനിക്ക് ജീവിതത്തില് ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില് ഒരിക്കലും ഒരു ആര്എസ്എസ് പ്രവര്ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തില് നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്എസ്എസുകാരെന്നും യുവാവ് പറയുന്നു.
Content Highlight; youth died after writing a note against RSS; Congress is preparing to discuss it at the national level