ദിസ്പുര്: ഗായകന് സുബീന് ഗാര്ഗിന്റെ മരണത്തില് പൊലീസ് ഉദ്യോഗസ്ഥനായ ബന്ധു അറസ്റ്റില്. അസം പൊലീസിലെ ക്രിമിനല് ഇന്വെസ്റ്റിഗേഷനിലെ ഉദ്യോഗസ്ഥനായ സന്ദീപന് ഗാര്ഗാണ് അറസ്റ്റിലായത്. നാല് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
സുബീന് ഗാര്ഗിന്റെ അച്ഛന്റെ സഹോദരന്റെ മകനാണ് സന്ദീപന് ഗാര്ഗ്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. മരണസമയത്ത് സുബീന് ഗാര്ഗിന്റെ ഒപ്പമുണ്ടായിരുന്നയാളാണ് സന്ദീപന് ഗാര്ഗ്. കോടതിയില് ഹാജരാക്കിയ ഇയാളെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു.
കഴിഞ്ഞ മാസം 19-ന് സിംഗപ്പൂരിലെ നോര്ത്ത് ഈസ്റ്റ് ഫെസ്റ്റിവലില് പങ്കെടുക്കാന് എത്തിയ സുബീന് ഗാര്ഗ് സ്കൂബ ഡൈവിങ്ങിനിടെ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വാര്ത്ത. എന്നാല് പിന്നീട് നടത്തിയ പരിശോധനയില് കടലില് നീന്തുന്നതിനിടെയാണ് സുബീന് മരിച്ചതെന്ന് വ്യക്തമായി. ഇതിന് പിന്നാലെ സുബീന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന തരത്തില് കേസ് വഴിമാറുകയായിരുന്നു.
Content Highlights- Zubeen Garg's Cop Cousin Arrested