ഹൈദരാബാദ്: ജൂബിലി ഹില്സ് ഉപതെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്ഗ്രസും ബിജെപിയും. ഭാരത് രാഷ്ട്ര സമിതി (ബിആര്എസ്) നേരത്തെ തന്നെ സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു. ആഭ്യന്തര കലഹങ്ങളും നേതാക്കള്ക്കിടയിലെ ഏകോപനമില്ലായ്മയുമാണ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കാന് വൈകുന്നതിന് പിന്നിലെ കാരണമെന്നാണ് പറയപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പില് തങ്ങള് വിജയിക്കുമെന്ന് ഇരുപാര്ട്ടികളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുന്നത്. മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് ഹെെദരാബാദിന്റെ ചുമതലയുള്ള മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു. സിറ്റിംഗ് എംഎല്എയും ബിആര്എസ് നേതാവുമായ മഗന്തി ഗോപിനാഥിന്റെ മരണത്തെ തുടര്ന്നാണ് ജൂബിലി ഹില്സില് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കോണ്ഗ്രസില് നിരവധി നേതാക്കള് സീറ്റ് സ്വപ്നം കാണുന്നുണ്ട്. മുന് മന്ത്രി കെഎല്എന് യാദവിന്റെ മരുമകള് കഞ്ചേര്ല വിജയലക്ഷ്മിയാണ് അവരില് ഒരാള്. പാര്ട്ടി സ്ഥാനാര്ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്പ് തന്നെ മണ്ഡലത്തില് ബാനറുകളും ഫ്ളക്സ് ബോര്ഡുകളും ഉയര്ന്നുകഴിഞ്ഞു. മുന് എംപി അഞ്ചന് കുമാര് യാദവ് സൗജന്യ കണ്ണട വിതരണം വരെ നടത്തി. നവീന് യാദവ് എന്ന നേതാവ് വിദ്യാര്ത്ഥികള്ക്ക് സൗജന്യമായി കിറ്റുകളാണ് വിതരണം ചെയ്തത്. നേതാക്കള്ക്കിടയിലെ ഐക്യമില്ലായ്മ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്.
അതേസമയം, ബിജെപി നേതൃത്വവും സ്ഥാനാര്ത്ഥി നിര്ണയത്തിനുളള നടപടികള് ആരംഭിച്ചിട്ടില്ല. ഹൈദരാബാദ് സെന്ട്രല് ജില്ലാ പ്രസിഡന്റ് ലങ്കല ദീപക് റെഡ്ഡി, മുതിര്ന്ന നേതാവ് കീര്ത്തി റെഡ്ഡി, മുന് ജിഎച്ച്എംസി കോര്പ്പറേറ്റര് കിലാരി മനോഹര് എന്നിവരാണ് നേതൃത്വത്തിന്റെ അന്തിമ പട്ടികയില് ഉളളതെന്നാണ് വിവരം. ജനുവരിയിലാണ് ജൂബിലി ഹില്സില് ഉപതെരഞ്ഞെടുപ്പ് നടക്കുക.
മറുവശത്ത് ബിആര്എസ് പാര്ട്ടി വര്ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവുവിന്റെ നേതൃത്വത്തില് നിരന്തരം പാര്ട്ടി പ്രവര്ത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച്ചകള് നടത്തിയിരുന്നു. സെപ്റ്റംബര് 26-ന് തന്നെ അന്തരിച്ച മഗന്തി ഗോപിനാഥിന്റെ ഭാര്യ മഗന്തി സുനിതയെ കെ ചന്ദ്രശേഖര് റാവു മണ്ഡലത്തിലെ ബിആര്എസ് സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തില് ബിആര്എസിന് മുന്തൂക്കം നല്കുന്ന സര്വേകളാണ് പുറത്തുവരുന്നത്.
ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം ജൂബിലി ഹില്സ് ഉപതെരഞ്ഞെടുപ്പിനുളള തിയതിയും പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്. എന്നാല് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മണ്ഡലത്തിലെ അന്തിമ വോട്ടര് പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് സി സുദര്ശന് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. 3,99,000 വോട്ടര്മാരാണ് പട്ടികയിലുളളത്. മണ്ഡലത്തിലെ 407 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുക.
Content Highlights: Jubilee Hills by-election: Congress and BJP without announcing candidates, BRS announces earlier