'ആർഎസ്എസിനെ ഏകാധിപത്യ സ്വഭാവമുള്ള വർഗീയ സംഘടന എന്നാണ് ഗാന്ധി വിശേഷിപ്പിച്ചത്'; തെളിവുകളുമായി ജയറാം രമേശ്

ഗാന്ധിജിയുടെ അടുത്ത സഹയാത്രികനും പേഴ്‌സണല്‍ സെക്രട്ടറിയുമായിരുന്ന പ്യാരീലാല്‍ നയ്യാര്‍ എഴുതിയ പുസ്തകത്തിലെ ഗാന്ധിജിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജയറാം രമേശ് രംഗത്തെത്തിയത്

ന്യൂഡല്‍ഹി: ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയപ്പോള്‍ ആര്‍എസ്എസിനെതിരെ ഗാന്ധിജി സ്വീകരിച്ചിരുന്ന സമീപനം തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ആര്‍എസ്എസിനെ ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ സംഘടനയായാണ് ഗാന്ധിജി വിലയിരുത്തിയിരുന്നതെന്ന് ജയറാം രമേശ് എക്‌സില്‍ കുറിച്ചു. ഗാന്ധിജിയുടെ അടുത്ത സഹയാത്രികനും പേഴ്‌സണല്‍ സെക്രട്ടറിയുമായിരുന്ന പ്യാരീലാല്‍ നയ്യാര്‍ എഴുതിയ പുസ്തകത്തില്‍ ഗാന്ധിജിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജയറാം രമേശ് രംഗത്തെത്തിയത്.

മഹാത്മ ഗാന്ധിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ നല്‍കുന്നതാണ് പ്യാരീലാല്‍ നയ്യാര്‍ രചിച്ച 'മഹാത്മാ ഗാന്ധി: ദ് ലാസ്റ്റ് ഫേസ്' എന്ന പുസ്തകം. 1956 ലായിരുന്നു ഇതിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ഡോ. രാജേന്ദ്ര പ്രസാദായിരുന്നു പുസ്തകത്തിന്റെ ആമുഖം രചിച്ചത്. അഹമ്മദാബാദിലെ നവജീവന്‍ ആണ് പുസ്തകം പുറത്തിറക്കിയത്. ഇതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇതിന്റെ 440-ാം പേജിലാണ് ആര്‍എസ്എസിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഗാന്ധി വ്യക്തമാക്കുന്നതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ സംഘടനയാണെന്ന് ഗാന്ധി പറയുന്നു. തന്റെ സഹപ്രവര്‍ത്തകനോടായിരുന്നു ഗാന്ധി ഇത് പറഞ്ഞത്. ഗാന്ധി കൊല്ലപ്പെടുന്നതിന് നാലര മാസങ്ങള്‍ക്ക് മുന്‍പ് 1947 സെപ്റ്റംബര്‍ പന്ത്രണ്ടിനായിരുന്നു ഈ സംഭാഷണം. ഇതിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്എസ് സംഘടനയെ നിരോധിച്ചുവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. പുസ്തകത്തിലെ പേജുകളും ജയ്‌റാം രമേശ് പങ്കുവെച്ചു.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളാണ് ഗാന്ധിയുടെ മരണത്തിലേക്ക് നയിച്ചതെന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വാക്കുകളും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഗാന്ധിയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ പുകഴ്ത്തി കണ്ടു. 1948 ജൂലൈ പതിനെട്ടിന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ സര്‍ദാര്‍ പട്ടേല്‍ എന്താണ് എഴുതിയിരുന്നത് എന്നതിനെ കുറിച്ച് മോദിക്ക് ധാരണയുണ്ടോ എന്ന് ജയറാം രമേശ് ചോദിച്ചു. പട്ടേല്‍ എഴുതിയ കത്തില്‍ ഗാന്ധി വധത്തില്‍ ആര്‍എസ്എസിന്റെ പങ്ക് സൂചിപ്പിക്കുന്നുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു.

'ആര്‍എസ്എസും ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. രണ്ട് സംഘടനകളുടെയും പങ്കാളിത്തത്തെ കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്', കത്തില്‍ പറയുന്നതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച അനുസ്മരണത്തിലായിരുന്നു ഗാന്ധിയെ പുകഴ്ത്തി മോദിയും മോഹന്‍ ഭാഗവതും രംഗത്തെത്തിയത്. വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ ഗാന്ധിയുടെ പാത പിന്തുടരുമെന്നായിരുന്നു മോദി പറഞ്ഞത്. ധൈര്യവും ലാളിത്യവും അങ്ങനെ മാറ്റത്തിന്റെ ഉപകരണങ്ങളാകുമെന്ന് ബാപ്പു തെളിയിച്ചു. ബാപ്പുവിന്റെ അസാധാരണ ജിവിതത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചിരുന്നു. രാജ്ഘട്ടിലെത്തിയ മോദി അദ്ദേഹത്തിന് ആദരമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗാന്ധിയെ പുകഴ്ത്തി മോഹന്‍ ഭാഗവത് രംഗത്തെത്തിയത്. ഗാന്ധിയുടെ സംഭാവനകള്‍ വളരെ വലുതാണെന്നും ഗാന്ധി അനീതിയില്‍ നിന്ന് രക്ഷിച്ചുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷിക ദിനത്തിലായിരുന്നു മോഹന്‍ ഭാഗവതിന്റെ ഗാന്ധി സ്തുതി. ഇന്നലെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. രാജ്യത്ത് എന്ത് ദുരന്തം സംഭവിച്ചാലും ആദ്യം ഓടിയെത്തുന്നത് ആർഎസ്എസാണെന്നും വയനാട് ദുരന്തം സംഭവിച്ചപ്പോൾ ആദ്യം എത്തിയത് ആർഎസ്എസാണെന്നും മോദി പറഞ്ഞിരുന്നു.

Content Highlights- Congress leader Jairam Ramesh cites book to claim Gandhi described rss as communal body with totalitarian outlook

To advertise here,contact us