US സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിനിടെയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിനിടെയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക ചര്‍ച്ചയായെന്നാണ് വിവരം. ഇന്ത്യ യുഎസ് വ്യാപാരകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രി പീയുഷ് ഗോയലും അമേരിക്കയിലെത്തിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരെ യുഎസ് അധിക തീരുവ ചുമത്തിയതിന് ശേഷം ആദ്യമായാണ് ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത്. ഇത് ഇരു രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന തീരുമാനമാണെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുളള ശ്രമങ്ങളുടെ ഭാഗമാണ് കൂടിക്കാഴ്ച.

യുഎസ് വാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ചര്‍ച്ചകള്‍ പോസിറ്റീവ് ആയാണ് മുന്നോട്ട് പോകുന്നതെന്നാണ് ഇരു രാജ്യങ്ങളും പ്രതികരിക്കുന്നത്. നവംബറില്‍ കരാറിന് അന്തിമ രൂപമായേക്കുമെന്നാണ് സൂചന.

Content Highlights: S Jaishankar meets US State Secretary Marco Rubio

To advertise here,contact us