പാക് അധിനിവേശ കശ്മീരിന്റെ നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിക്കും,ഞങ്ങളും ഭാരതീയരാണെന്ന് അവർ പറയും;രാജ്‌നാഥ് സിംഗ്

മൊറോക്കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിന്റെ നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മേഖലയിലെ ജനങ്ങൾ നിലവിലെ ഭരണകൂടത്തിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അക്രമണാത്മകമായ നടപടികളൊന്നും സ്വീകരിക്കാതെ തന്നെ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊറോക്കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധിനിവേശ കശ്മീർ നമ്മുടേതാകും. അഞ്ച് വർഷം മുമ്പ് ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ താൻ ഇതേ കാര്യം ആവർത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അഞ്ച് വർഷം മുമ്പ് കശ്മീർ താഴ്‌വരയിൽ നടന്ന ഒരു പരിപാടിയിൽ ഞാൻ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞിരുന്നതാണ്, നമുക്ക് പാക് അധിനിവേശ കശ്മീർ ആക്രമിച്ച് പിടിച്ചെടുക്കേണ്ടി വരില്ല, എന്തായാലും അത് നമ്മുടേതാണെന്ന്. ഞങ്ങളും ഭാരതീയരാണെന്ന് അവർ തന്നെ പറയും. ആ ദിവസം വരും," പ്രതിരോധ മന്ത്രി പറഞ്ഞു.

മെയ് 7-ന് നടന്ന ഓപ്പറേഷൻ സിന്ദൂരിനിടെ പാക് അധിനിവേശ കശ്മീർ പിടിച്ചെടുക്കാനുള്ള അവസരം കേന്ദ്ര സർക്കാർ നഷ്ടപ്പെടുത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രതിരോധ മന്ത്രി മൊറോക്കോയിൽ എത്തിയത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ വീൽഡ് ആർമർഡ് പ്ലാറ്റ്‌ഫോം (WhAP) പുതിയ നിർമ്മാണ കേന്ദ്രം ബെറെച്ചിഡിൽ ഉദ്ഘാടനം ചെയ്യും. ആഫ്രിക്കയിലെ ആദ്യത്തെ ഇന്ത്യൻ പ്രതിരോധ നിർമ്മാണ പ്ലാന്റാണിത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി മൊറോക്കോ സന്ദർശിക്കുന്നത്.

Content Highlights: Rajnath Singh expressed confidence in India getting back control of Pakistan-occupied Kashmir

To advertise here,contact us