സമാധാനം പുലരട്ടെയെന്ന് മോദി,ശാശ്വത സമാധാനത്തിന് പ്രഖ്യാപനമില്ലെന്ന് വിമർശനം; മണിപ്പുരില്‍ ബിജെപിക്ക് തിരിച്ചടി

കുക്കി-മെയ്‌തെയ് സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.

ഇംഫാല്‍: മണിപ്പുരില്‍ സമാധാന സന്ദേശവുമായെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്ന് കലാപം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടായില്ലെന്ന് വിമര്‍ശനം. കുക്കി-മെയ്‌തെയ് സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.

അതേസമയം, മണിപ്പുരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബിജെപി ശ്രമങ്ങള്‍തിരിച്ചടി നേരിട്ടിരിക്കുകയാണ്. കുക്കികള്‍ക്ക് പ്രത്യേക കേന്ദ്ര ഭരണ പ്രദേശം വേണമെന്ന് ആവശ്യപ്പെട്ട് കുക്കി-സോ കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ ആവശ്യവുമായി കുക്കി മേഖലയില്‍ നിന്നുള്ള ഏഴ് ബിജെപി എംഎല്‍എമാരും പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. 10 കുക്കി എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം മോദിക്ക് ഇവര്‍ സമര്‍പ്പിച്ചു.

സംഘര്‍ഷം ആരംഭിച്ച് രണ്ടുവര്‍ഷത്തിനുശേഷമാണ് മോദി മണിപ്പുര്‍ സന്ദര്‍ശിക്കുന്നത്. ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നാടാണ് മണിപ്പുരെന്നും മണിപ്പൂരിലെ കുന്നുകള്‍ പ്രകൃതിയുടെ വിലമതിക്കാനാകാത്ത സമ്മാനം മാത്രമല്ല, ജനങ്ങളുടെ അക്ഷീണ കഠിനാധ്വാനത്തിന്റെ പ്രതിഫലനം കൂടിയാണെന്നും നരേന്ദ്രമോദി പറഞ്ഞു. മണിപ്പുരിലെ ജനങ്ങളുടെ ചൈതന്യത്തെ താന്‍ അഭിവാദ്യം ചെയ്യുകയാണെന്നും സംസ്ഥാനത്തെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി എല്ലാവരും സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.

'മണിപ്പുര്‍ പ്രതീക്ഷയുടെയും അഭിലാഷത്തിന്‍റെയും ഭൂമിയാണ്. എന്നാല്‍ അതിന് അശാന്തിയുടെ മുറിവേറ്റിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കുടുംബങ്ങളെ കണ്ടു. മണിപ്പുരില്‍ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരുകയാണ്. വികസനത്തിന്റെ അടിത്തറ സമാധാനമാണ്. സമാധാനത്തിന്റെ പാതയില്‍ മുന്നോട്ട് പോകാനും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. മണിപ്പുരിലെ ഏതൊരു അക്രമവും നിര്‍ഭാഗ്യകരമാണ്. സമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ് ', നരേന്ദ്രമോദി പറഞ്ഞു.

Content Highlights: PM Modi's Peace Appeal: Can Manipur Find Lasting Calm

To advertise here,contact us