'അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെക്കണം'; പരാമര്‍ശത്തില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയാത്ത അമിത് ഷായുടെ തലയറുക്കണമെന്നായിരുന്നു മഹുവയുടെ പരാമര്‍ശം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയാത്ത അമിത് ഷായുടെ തലയറുക്കണമെന്നായിരുന്നു മഹുവയുടെ പരാമര്‍ശം. ഗോപാല്‍ സാമന്തോ എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ദുരുദ്ദേശപരമായ പ്രവര്‍ത്തികള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബിജെപി പശ്ചിമബംഗാളിലെ കൃഷ്ണ നഗര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെക്കണമെന്ന് മഹുവ പറഞ്ഞത്. വ്യാഴാഴ്ച പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഹുവ.

'ആഭ്യന്തര വകുപ്പിനും ആഭ്യന്തര മന്ത്രിക്കും രാജ്യ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിയാത്തപ്പോള്‍, നുഴഞ്ഞുകയറ്റക്കാര്‍ നമ്മുടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറയുന്നു. ഇതില്‍ ആരുടെ ഭാഗത്താണ് തെറ്റ്. അത് നമ്മുടെ തെറ്റാണോ അതോ അവരുടേതോ' എന്നായിരുന്നു മഹുവ ചോദിച്ചത്. മഹുവയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മഹുവയുടേത് അരോചകവും വെറുപ്പിന്റെ ഭാഷയുമാണെന്ന് ബിജെപി വിമര്‍ശിച്ചു. മഹുവ പറഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് ആണോ എന്നും അല്ലെങ്കില്‍ മാപ്പ് പറയുകയും എംപിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ ആവശ്യപ്പെട്ടിരുന്നു.

Content Highlights: TMC MP Mahua Moitra booked FIR for remarks about Amit Shah

To advertise here,contact us