'കൊളീജിയത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും'; ജസ്റ്റിസ് നാഗരത്‌നയുടെ വിയോജനക്കുറിപ്പില്‍ രൂക്ഷ വാക്കുകള്‍?

കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ സംബന്ധിച്ച പ്രമേയത്തിനൊപ്പം വിയോജനക്കുറിപ്പ് കൂടി പുറത്തുവിടണമെന്ന് നാഗരത്‌ന ആവശ്യപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള ശുപാര്‍ശയെ എതിര്‍ത്തുള്ള വിയോജനക്കുറിപ്പില്‍ ജസ്റ്റിസ് ബി വി നാഗരത്‌ന ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. സീനിയോറിറ്റി മറികടന്നുള്ള ജസ്റ്റിസ് വിപുല്‍ പഞ്ചോളിയുടെ നിയമനം കൊളീജിയത്തിന്റെ ശേഷിക്കുന്ന വിശ്വാസ്യതയെ കൂടി നഷ്ടപ്പെടുത്തുമെന്ന് വിയോജനക്കുറിപ്പില്‍ നാഗരത്‌ന ചൂണ്ടിക്കാണിച്ചതായാണ് വിവരം. കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ സംബന്ധിച്ച പ്രമേയത്തിനൊപ്പം വിയോജനക്കുറിപ്പ് കൂടി പുറത്തുവിടണമെന്ന് നാഗരത്‌ന ആവശ്യപ്പെട്ടിരുന്നു. നാഗരത്‌നയുടെ വിയോജനക്കുറിപ്പ് പുറത്തുവിടണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് അഭയ് എസ് ഓഖയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാന്‍ സുപ്രീംകോടതി തയ്യാറായില്ല.

കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തിനെതിരെ നാഗരത്‌ന രംഗത്തെത്തിയത്. സീനിയോറിറ്റി മറികടന്നാണ് നിയമനമെന്ന് നാഗരത്‌ന ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പഞ്ചോളിയെ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതിന് പിന്നില്‍ സുപ്രീംകോടതിയിലേക്ക് എത്തിക്കുന്നതിനുള്ള ആസൂത്രിത നീക്കമെന്നായിരുന്നു ഉയര്‍ന്ന ആരോപണം. പഞ്ചോളിയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൊളീജിയം യോഗത്തിനിടെ ജസ്റ്റിസ് നാഗരത്‌ന ചോദിച്ചതായാണ് വിവരം.

ജസ്റ്റിസ് പഞ്ചോളിക്ക് പുറമേ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സായ അലോക് ആരാധെയാണ് സുപ്രീംകോടതിയിലെത്തുന്നത്. ഇരുവരും തമ്മില്‍ സീനിയോറിറ്റിയിലുള്ള വ്യത്യാസവും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ജസ്റ്റിസ് അലോക് ആരാധെ അഞ്ചാം സ്ഥാനത്താണെങ്കില്‍ പഞ്ചോളിയുടെ സ്ഥാനം 57 ആണ്. തഴയപ്പെട്ട മൂന്ന് വനിതാ ജഡ്ജിമാര്‍ക്കും പഞ്ചോളിയേക്കാള്‍ സീനിയോറിറ്റിയുണ്ട്. അതേസമയം, സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് വിപുല്‍ പഞ്ചോളിയും സായ അലോക് ആരാധെയും ഇന്ന് ചുമതലയേല്‍ക്കും. സുപ്രീംകോടതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് സത്യവാചകം ചൊല്ലിനല്‍കും. രാവിലെ 10.30നാണ് ചടങ്ങുകള്‍ നടക്കുക.

വിപുല്‍ മനുഭാസ് പഞ്ചോളി

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ് വിപുല്‍ മനുഭാസ് പഞ്ചോളി. 1968 മെയ് 28നായിരുന്നു ജനനം. ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അഹമ്മദാബാദ് സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് അഹമ്മദാബാദ് സര്‍ എല്‍ എ ഷാ ലോ കോളേജില്‍ നിന്ന് കൊമേഷ്യല്‍ ഗ്രൂപ്പില്‍ മാസ്റ്റര്‍ ഓഫ് ലോയും പാസായി. 1991 സെപ്റ്റംബറില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ശേഷം ഗുജറാത്ത് ഹൈക്കോടതിയില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2016 ജൂണ്‍ പത്തിന് ഗുജറാത്ത് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2023 ജൂലൈ 24നാണ് പഞ്ചോളിയെ പാട്‌ന ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്. 2025 ജൂലൈ 21 ന് ചീഫ് ജസ്റ്റിസായും നിയമനം നല്‍കി.

Content Highlights- Dissents of Justice Nagarathna contain harsh words on sct collegium’s decision to elevate Justice Pancholi to top court

To advertise here,contact us