മുസഫര്പൂര്: വോട്ട് കൊളളയ്ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി നയിക്കുന്ന വോട്ടര് അധികാര് യാത്ര പതിനൊന്ന് ദിവസം പിന്നിടുകയാണ്. ബിഹാറിലെ മുസഫര്പൂര് ജില്ലയിലൂടെയാണ് വോട്ടര് അധികാര് യാത്ര ഇന്ന് കടന്നുപോകുന്നത്. രാഹുല് ഗാന്ധിയും ആര്ജെഡി നേതാവ് തേജസ്വി യാദവും റോയല് എന്ഫീല്ഡ് ബൈക്കുകളിലാണ് ഇന്ന് യാത്ര നയിച്ചത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയും യാത്രയില് ഇന്ന് പങ്കെടുത്തു. രാഹുലിനൊപ്പം ബൈക്കിന് പിന്നിലിരുന്നാണ് പ്രിയങ്ക വോട്ടര് അധികാര് യാത്രയില് അണിചേര്ന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വോട്ടര് അധികാര് യാത്രയില് പങ്കെടുത്തു.
'ബിഹാര് വീണ്ടും ഇന്ത്യയുടെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. വോട്ടര്മാരെ ഇല്ലാതാക്കിയോ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്തോ ബിജെപിക്ക് ജനശക്തിയെ തകര്ക്കാന് കഴിയില്ല. ഇന്ഡ്യാ സഖ്യം ജനിച്ചത് ബിഹാറിലാണ്. അതുപോലെ ബിജെപിയുടെ ധാര്ഷ്ട്യം കുഴിച്ചുമൂടപ്പെടുന്നതും ബിഹാറിലായിരിക്കും. '- എംകെ സ്റ്റാലിന് പറഞ്ഞു. രാഹുല് ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും തേജസ്വി യാദവിനുമൊപ്പമുളള ചിത്രങ്ങളും സ്റ്റാലിന് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചു.
ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല് ഗാന്ധി ആഞ്ഞടിച്ചു. ഗുജറാത്തില് ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്ട്ടികള് 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോ എന്നുമാണ് രാഹുല് ഗാന്ധി ചോദിച്ചത്. 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളില് കാണിച്ചിരിക്കുന്നതെന്നും ഇനി ഇതിനും താന് സത്യവാങ്മൂലം തരേണ്ടി വരുമോ എന്നും അദ്ദേഹം ചോദിച്ചു.
വോട്ട് കൊളള നടത്തി ഇനിയും അമ്പത് വര്ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വോട്ട് കൊളളയിലൂടെ രാജ്യത്ത് ഇനിയും അധികാരം പിടിക്കാമെന്നാണ് അവര് കരുതുന്നതെന്നും ബിഹാറിലെ ജനങ്ങള് അത് തിരിച്ചറിയണമെന്നും രാഹുല് ഗാന്ധി പറഞ്ഞു. ജനങ്ങളുടെ വോട്ട് പ്രധാനമന്ത്രി കൊളളയടിക്കുകയാണ് എന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമ്മമാരുടെ സ്വര്ണം കൊളളയടിക്കുന്നു എന്ന് ആരോപിച്ച മോദി ഇപ്പോള് അവരുടെ വോട്ട് മോഷ്ടിക്കുകയാണെന്നും ജനങ്ങളുടെ സമ്പത്ത് കോര്പ്പറേറ്റുകള് കൊളളയടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. പൗരാവകാശങ്ങള് കൊളളയടിക്കാന് ആരെയും അനുവദിക്കരുതെന്നും അവര് ആവശ്യപ്പെട്ടു.
സമാജ് വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവും കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജാര്ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അടുത്ത ദിവസങ്ങളില് വോട്ടര് അധികാര് യാത്രയുടെ ഭാഗമാവും. സെപ്റ്റംബര് ഒന്നിന് പട്നയില് നടക്കുന്ന മഹാറാലിയോടെയാണ് വോട്ടര് അധികാര് യാത്ര അവസാനിക്കുക. ഈ വര്ഷം അവസാനമാണ് ബിഹാറില് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് നടക്കുന്ന യാത്ര ഇന്ഡ്യാ സഖ്യത്തിന് തെരഞ്ഞെടുപ്പില് ഗുണം നല്കുമെന്നാണ് വിലയിരുത്തല്.
Content Highlights: Priyanka Gandhi rides Royal Enfield with Rahul Gandhi, MK Stalin joins voter adhikar yatra